ദുബായ്: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായേക്കുമെന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായിരുന്ന സൗരവ് ഗാംഗുലി.

ഇന്ത്യയുടെ മുഖ്യപരിശീലകന്റെ റോള്‍ ഏറ്റെടുക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ദ്രാവിഡ് കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു. 

രവി ശാസ്ത്രിയുടെ പിന്‍ഗാമിയാകാന്‍ ദ്രാവിഡ് സമ്മതിച്ചതായി സ്ഥിരീകരണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ തന്നെ ദ്രാവിഡ് ഈ സ്ഥാനത്തില്‍ താത്പര്യമില്ലെന്ന് പറഞ്ഞതാണെന്നും ഇപ്പോഴും അതേ സ്ഥിതി തന്നെ തുടരുകയാണെന്നും ഗാംഗുലി വ്യക്തമാക്കി. 

''അക്കാര്യത്തില്‍ (ദ്രാവിഡ് പരിശീലകനാകുന്ന) യാതൊരു സ്ഥിരീകരണവുമില്ല. പരിശീലക സ്ഥാനത്തേക്ക് അദ്ദേഹത്തിന് അപേക്ഷിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ അദ്ദേഹം അപേക്ഷിക്കും. ഇപ്പോള്‍ അദ്ദേഹം എന്‍സിഎയുടെ പരിശീലകനാണ്, ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്‍സിഎയ്ക്ക് വലിയ പങ്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പരിശീലകനാകുന്നതിനെ കുറിച്ച് ഞാന്‍ അദ്ദേഹത്തോട് നേരത്തെ സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് അത് താത്പര്യമില്ലായിരുന്നു. അതേ സ്ഥിതി തന്നെയാണ് ഇപ്പോഴും എന്നാണ് എന്റെ വിശ്വാസം. അദ്ദേഹം കുറച്ച് സമയം ചോദിച്ചിട്ടുണ്ട്, എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.'' - ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു. 

യു.എ.ഇയില്‍ ഈ മാസം നടക്കുന്ന ട്വന്റി 20 ലോകകപ്പോടെ നിലവിലെ ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ബിസിസിഐ പുതിയ പരിശീലകനായുള്ള തിരച്ചില്‍ ആരംഭിച്ചത്. ഇന്ത്യന്‍ പരിശീലകനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ഐ.പി.എല്‍ 14-ാം സീസണ്‍ ഫൈനലിന് ശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ദ്രാവിഡുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം സമ്മതം അറിയിച്ചെന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Content Highlights: sourav ganguly on rahul dravid becoming india head coach