മുംബൈ: നാടകീയ നീക്കങ്ങളിലൂടെ ബിസിസിഐ പ്രസിഡന്റ് സ്ഥാനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയിലേക്ക്. മുന്‍ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ ലക്ഷ്യം വെച്ചിരുന്ന പ്രസിഡന്റ് സ്ഥാനം അപ്രതീക്ഷമായാണ് ഗാംഗുലിയിലേക്കെത്തിയത്. മുംബൈയില്‍ ഞായറാഴ്ച രാത്രി ചേര്‍ന്ന ബിസിസിഐ യോഗമാണ് പൊതുസമ്മതനായി ഗാംഗുലിയെ പ്രസിഡന്റാക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായാണ് പുതിയ ബിസിസിഐ സെക്രട്ടറി. അരുണ്‍ ധുമലാണ് ട്രഷറര്‍. ധനകാര്യ സഹമന്ത്രിയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ ഇളയ സഹോദരനാണ് അരുന്‍ ധുമല്‍.
എന്‍.ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേല്‍ അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശ്രീനിവാസന്റെ ലോബിക്കെതിരെ പല സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളും ശക്തമായ എതിര്‍പ്പ് അറിയിച്ചതോടെയാണ് ഗാംഗുലിക്ക് വഴി തുറന്നത്. സമവായ സ്ഥാനാര്‍ഥിയായണ് ഗാംഗുലിയുടെ പേര് ഉയര്‍ന്നുവന്നത്. ബ്രിജേഷ് പട്ടേലിനെ ഐപിഎല്‍ ചെയര്‍മാനായി തിരഞ്ഞെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Sourav Ganguly likely to be new BCCI President