Sourav Ganguly is obsessed with Rishabh Pantന്യൂഡല്‍ഹി: ഇന്ത്യന്‍ താരം ഋഷഭ് പന്തിനെ തനിക്ക് വലിയ ഇഷ്ടമാണെന്ന് ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. നിലവിലെ ഇന്ത്യന്‍ ടീമിലെ പ്രിയപ്പെട്ട കളിക്കാരെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ദാദയുടെ പ്രതികരണം. 

ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കിടയിലെ ആവേശഭരിതമായ സിഡ്‌നി ടെസ്റ്റിനു ശേഷം തകര്‍പ്പന്‍ ഫോമിലാണ് പന്ത്. അതേസമയം ബി.സി.സി.ഐ പ്രസിഡന്റായതിനാല്‍ തന്നെ ഒരാള്‍ക്ക് മുകളില്‍ ഒരാളെ തിരഞ്ഞെടുത്ത് പറയാന്‍ തനിക്ക് സാധിക്കില്ലെന്നും ഗാംഗുലി വ്യക്തമാക്കി. 

എന്നാല്‍ പന്തിനോടുള്ള ഇഷ്ടം അദ്ദേഹം പരസ്യമായി സമ്മതിക്കുകയും ചെയ്തു. താന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ബാറ്റിങ് ആസ്വദിക്കാറുണ്ടെന്ന് പറഞ്ഞ ദാദ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശാര്‍ദുല്‍ താക്കൂര്‍ എന്നിവരേയും ഇഷ്ടമാണെന്നും കൂട്ടിച്ചേര്‍ത്തു. 

''നിലവിലെ കളിക്കാരില്‍ എല്ലാവരും തന്നെ മികച്ചവരാണ്. ബി.സി.സി.ഐ പ്രസിഡന്റായതിനാല്‍ തന്നെ എനിക്ക് ഒരാളെയായി തിരഞ്ഞെടുക്കാന്‍ സാധിക്കില്ല. വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ബാറ്റിങ് ഞാന്‍ ആസ്വദിക്കാറുണ്ട്. ഋഷഭ് പന്തിനെ എനിക്ക് വലിയ ഇഷ്ടമാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരേയും ഇഷ്ടമാണ്. ശാര്‍ദുല്‍ താക്കൂറിനെയും എനിക്ക് ഇഷ്ടമാണ്, കാരണം അവന്‍ ധൈര്യശാലിയാണ്.'' - ഒരു യൂട്യൂബ് ചാറ്റ് ഷോയില്‍ പങ്കെടുക്കവെ ഗാംഗുലി വ്യക്തമാക്കി.

Content Highlights: Sourav Ganguly is obsessed with Rishabh Pant