മുംബൈ: ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പേര് പരിഗണനയില്‍. നിലവിലെ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിനെ സുപ്രീം കോടതി പുറത്താക്കിയതോടെ ആ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ഏറ്റവും മുന്‍പന്തിയിലുള്ളത് ഗാംഗുലിയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ പശ്ചിമ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ് ഗാംഗുലി.

സുപ്രീം കോടതി നിര്‍ദേശപ്രകാരം നിലവിലെ വൈസ് പ്രസിഡന്റുമാരില്‍ മുതിര്‍ന്നയാളാകും താല്‍ക്കാലികമായി ബി.സി.സി.ഐയുടെ അധ്യക്ഷനാകുക. അങ്ങനെയെങ്കില്‍ നിലവിലെ ബി.സി.സി.ഐ വൈസ് പ്രസിഡന്റുമാരായ മലയാളിയായ ടി.സി മാത്യു, ഗൗതം റോയി എന്നിവരും അധ്യക്ഷ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയുണ്ട്. ഇരുവരും ലോധ കമ്മീഷന്‍ നിര്‍ദേശമനുസരിച്ച് അധ്യക്ഷ സ്ഥാനത്തേക്ക് യോഗ്യരാണ്. പശ്ചിമമേഖലയെ പ്രതിനിധീകരിച്ചാണ് ടി.സി മാത്യു ബിസിസിഐ ഭാരവാഹിയായത്. ഗൗതം റോയി കിഴക്കന്‍ മേഖലയുടെ പ്രതിനിധിയാണ്.  മറ്റു വൈസ് പ്രസിഡന്റുമാരായ ഡോ ജി. ഗംഗാരാജു, സി.കെ ഖന്ന, എം.എല്‍ നെഹ്റു എന്നിവര്‍ ലോധ കമ്മീഷന്‍ മാനദണ്ഡപ്രകാരം അധ്യക്ഷസ്ഥാനത്തേക്ക് അയോഗര്യരാണെന്നതും ടി.സി മാത്യുവിന്റെയും ഗൗതം റായിയുടെയും സാധ്യത വര്‍ധിപ്പിക്കുന്നു. 

സെക്രട്ടറി അജയ് ഷിര്‍ക്കെയെ പുറത്താക്കിയ സാഹചര്യത്തില്‍ നിലവിലെ ജോയിന്റ് സെക്രട്ടറിയായ അമിതാബ് ചൗധരിയാകും പുതിയ സെക്രട്ടറിയാകുക. ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോയിയേഷന്‍ പ്രസിഡന്റ് കൂടിയാണ് അമിതാബ് ചൗധരി. മറ്റു ഭാരവാഹികളെ കണ്ടെത്താന്‍ മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ്.നരിമാന്‍, ഗോപാല്‍ സുബ്രഹ്മണ്യം എന്നിവരെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കുന്ന ജനവരി പത്തൊമ്പതിനാകും ബാക്കിയുള്ള അംഗങ്ങള്‍ ആരൊക്കെ എന്ന കാര്യത്തില്‍ തീരുമാനമാകുക.