കൊല്‍ക്കത്ത: ഏകദിന ക്രിക്കറ്റിലെ തന്റെ റണ്‍നേട്ടം മറികടന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് അഭിനന്ദനവുമായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിനത്തില്‍ വ്യക്തിഗത സ്‌കോര്‍ 78-ല്‍ എത്തിയതോടെയാണ് ഏകദിനത്തിലെ ഗാംഗുലിയുടെ റണ്‍നേട്ടം കോലി മറികടന്നത്. 311 ഏകദിനങ്ങളില്‍ നിന്ന് 11,363 റണ്‍സെടുത്ത ഗാംഗുലിയുടെ നേട്ടമാണ് കോലി മറികടന്നത്. ഇതോടെ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും കോലി സ്വന്തമാക്കി.
ഗാംഗുലി 311 ഏകദിനങ്ങളില്‍ നിന്ന് സ്വന്തമാക്കിയ നേട്ടം മറികടക്കാന്‍ വെറും 238 മത്സരങ്ങളേ കോലിക്ക് വേണ്ടിവന്നുള്ളൂ. വിന്‍ഡീസിനെതിരേ സെഞ്ചുറി നേടിയതോടെ കോലിയുടെ റണ്‍നേട്ടം 11,406 ആയി. 18426 റണ്‍സുമായി സച്ചിനാണ് ഒന്നാം സ്ഥാനത്ത്. മത്സരത്തില്‍ 125 പന്തില്‍ ഒരു സിക്‌സും 14 ബൗണ്ടറിയുമടക്കം കോലി 120 റണ്‍സെടുത്തു. കോലിയുടെ 42-ാം ഏകദിന സെഞ്ചുറിയായിരുന്നു ഇത്.
ഏകദിന ക്രിക്കറ്റിലെ മറ്റൊരു മാസ്റ്റര്‍ ക്ലാസ് എന്നു പറഞ്ഞ ഗാംഗുലി കോലി എന്തൊരു കളിക്കാരനാണെന്നും കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മത്സരത്തിനിടെ 26 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡ് കൂടി ഇന്ത്യന്‍ ക്യാപ്റ്റന്‍ മറികടന്നു. വെസ്റ്റിന്‍ഡീസിനെതിരേ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന മുന്‍ പാക് താരം ജാവേദ് മിയാന്‍ദാദിന്റെ റെക്കോഡാണ് കോലി സ്വന്തം പേരിലാക്കിയത്.
26 വര്‍ഷത്തിനു ശേഷമാണ് മിയാന്‍ദാദിന്റെ ഈ റെക്കോഡ് തകര്‍ക്കപ്പെടുന്നത്. വിന്‍ഡീസിനെതിരേ 64 മത്സരങ്ങളില്‍ നിന്ന് 1930 റണ്‍സായിരുന്നു മിയാന്‍ദാദിന്റെ സമ്പാദ്യം. കോലി ഈ നേട്ടം വെറും 34 മത്സരങ്ങള്‍ കൊണ്ട് മറികടന്നു. വിന്‍ഡീസിനെതിരേ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ 19 റണ്‍സെടുത്തതോടെയാണ് കോലിക്ക് ഈ റെക്കോഡ് സ്വന്തമായത്.
Content Highlights: Sourav Ganguly hails Virat Kohli
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..