ചെന്നൈ: എം.എസ് ധോനിക്ക് കീഴിൽ ഇന്ത്യ നേടിയ വിജയങ്ങൾക്കെല്ലാം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്കും പങ്കുണ്ടെന്ന് അടുത്തിടെ മുൻതാരം ഗൗതം ഗംഭീർ വ്യക്തമാക്കിയിരുന്നു. ഗാംഗുലി വളർത്തിയെടുത്ത താരങ്ങളെ ഉപയോഗിച്ചാണ് ധോനി കിരീടങ്ങളെല്ലാം നേടിയതെന്നായിരുന്നു ഗംഭീറിന്റെ പ്രസ്താവന. അതിന് ഉദാഹരണമായി ഗംഭീർ ചൂണ്ടിക്കാട്ടിയത് സഹീർ ഖാനേയാണ്. ഗാംഗുലി വളർത്തിയെടുത്ത സഹീർ ഖാൻ ഉള്ളതിനാലാണ് ടെസ്റ്റിൽ ധോനി വിജയങ്ങൾ സ്വന്തമാക്കിയതെന്ന് ഗംഭീർ അവകാശപ്പെട്ടിരുന്നു.

എന്നാൽ ഇതിനെതിരേ മുൻ ഇന്ത്യൻ താരം എസ്.ശ്രീകാന്ത് രംഗത്തെത്തി. ധോനിക്ക് ലഭിച്ചതുപോലെ താരങ്ങളുടെ ആനുകൂല്യം ഗാംഗുലിക്കും ലഭിച്ചിട്ടുണ്ടെന്ന് ശ്രീകാന്ത് പറയുന്നു. അനിൽ കുംബ്ലെ, ഹർഭജൻ സിങ്ങ് തുടങ്ങിയ മികച്ച സ്പിന്നർമാർ ഉള്ളതിനാലാണ് ഗാംഗുലി വിജയങ്ങൾ നേടിയതെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു. സ്റ്റാർ സ്പോർട്സിന്റെ ക്രിക്കറ്റ് കണക്റ്റഡ് എന്ന ചാറ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.

'ഒരു ധോനി-ഗാംഗുലി താരതമ്യം എളുപ്പമല്ല. 2001-ൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഗാംഗുലിയുടെ ക്യാപ്റ്റൻസി മികച്ചതായിരുന്നു. തോൽവിത്തുമ്പിൽ നിന്ന് തിരിച്ചുവന്ന് സ്റ്റീവ് വോയേയും ടീമിനേയും തോൽപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. എന്നാൽ ധോനിക്ക് ദീർഘകാലം ക്യാപ്റ്റനെന്ന നിലയിൽ മേധാവിത്തം പുലർത്താൻ കഴിഞ്ഞിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ കുംബ്ലെയേയും ഹർഭജനേയും പോലുള്ള താരങ്ങളുടെ സേവനം ലഭിച്ച ക്യാപ്റ്റനാണ് ഗാംഗുലി. എന്നാൽ അങ്ങനെയൊരു ആഡംബരം ധോനിക്ക് കിട്ടിയിട്ടില്ല.' ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു.

Content Highlights: Sourav Ganguly, gave the winning combination on a platter to MS Dhoni