അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായ സൗരവ് ഗാംഗുലി. പിങ്ക് ബോളില്‍ പകലും രാത്രിയുമായി നടക്കുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

' ഇന്ത്യന്‍ താരങ്ങള്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. ഇതേ ഫോം തുടരുകയാണെങ്കില്‍ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വന്തമാക്കുമെന്ന് എനിക്കുറപ്പാണ്. വിജയിക്കുമെന്ന് ഞാന്‍ പ്രവചിക്കുന്നില്ല. പക്ഷേ എന്റെ മനസ്സ് അങ്ങനെ പറയുന്നു'- ഗാംഗുലി വ്യക്തമാക്കി.

വരുംകാല ടെസ്റ്റ് മത്സരങ്ങളില്‍ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റിന് വലിയ പ്രാധാന്യം കൈവരുമെന്ന് ഗാംഗുലി വിശ്വസിക്കുന്നു.  ബംഗ്ലാദേശിനെതിരായി കൊല്‍ക്കത്തയില്‍ ഇന്ത്യ ആദ്യ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കളിച്ചപ്പോള്‍ കാണികള്‍ വലിയ ആവേശത്തോടെയാണ് മത്സരത്തെ സമീപിച്ചത്. താരങ്ങള്‍ക്കും അത് പുതിയൊരു അനുഭവമായിരുന്നു. അതുകൊണ്ടുതന്നെ ഇനിയുള്ള ഭൂരിഭാഗം മത്സരങ്ങളും ഡേ ആന്‍ഡ് നൈറ്റ് ആയി നടത്താന്‍ ശ്രമിക്കുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

നിലവില്‍ രണ്ടുമത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഇംഗ്ലണ്ടും ഇന്ത്യയും ഓരോ മത്സരങ്ങള്‍ വിജയിച്ച് സമനിലയിലാണ്. ഇന്ത്യയ്ക്ക് 2-1 അല്ലെങ്കില്‍ 3-1 എന്ന നിലയില്‍ പരമ്പര സ്വന്തമാക്കിയാല്‍ മാത്രമേ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കാനാകൂ.

Content Highlights: Sourav Ganguly Feels India Favourites To Win 3rd Test Against England