ന്യൂഡല്‍ഹി: പര്യടനത്തിനായി ഇംഗ്ലണ്ടിലെത്തി കോവിഡ് ബാധിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് പിന്തുണയുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

വ്യാഴാഴ്ചയാണ് ഋഷഭ് പന്തിനും നെറ്റ് ബൗളര്‍ ദയാനന്ദ് ഗരാണിക്കും കോവിഡ് ബാധിച്ചതായി ബി.സി.സി.ഐ അറിയിച്ചത്. 

മുഴുവന്‍ സമയവും മാസ്‌ക് ധരിക്കുന്നത് അസാധ്യമായ കാര്യമാണെന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം. യൂറോ കപ്പ് മത്സരം കാണാന്‍ പോയ പന്ത് മാസ്‌ക് ധരിക്കാതെ സുഹൃത്തുക്കള്‍ക്കൊപ്പം ഗാലറിയില്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇതോടെ താരത്തിനെതിരേ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് പന്തിനെ പിന്തുണച്ച് ദാദ തന്നെ രംഗത്തെത്തിയത്. 

''ഇംഗ്ലണ്ടില്‍ യൂറോ കപ്പും വിംബിള്‍ഡണും നാം കണ്ടു. അവിടെ നിയമങ്ങള്‍ മാറിയിട്ടുണ്ട്. വേദികളില്‍ കാണികളെ അനുവദിക്കുന്നു. ആ സമയത്ത് അവര്‍ക്ക് അവധിയായിരുന്നു. മാത്രമല്ല മുഴുവന്‍ സമയവും മാസ്‌ക് ധരിക്കുന്നത് അസാധ്യമായ കാര്യവുമാണ്.'' - ന്യൂസ് 18-ന് അനുവദിച്ച അഭിമുഖത്തില്‍ ഗാംഗുലി പറഞ്ഞു. 

പന്തുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ബൗളിങ് കോച്ച് ഭരത് അരുണ്‍, വൃദ്ധിമാന്‍ സാഹ, അഭിമന്യു ഈശ്വരന്‍ എന്നിരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 

ഇതോടെ ഇവര്‍ക്ക് ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പുള്ള സന്നാഹ മത്സരം നഷ്ടമാകും.

Content Highlights: Sourav Ganguly Defends Rishabh Pant who Tests Positive for covid 19