Photo: ANI
ന്യൂഡല്‍ഹി: ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായി സൗരവ് ഗാംഗുലിയുടെ ഒരു ട്വീറ്റ് കുറച്ചുമണിക്കൂറുകളായി ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കുകയായിരുന്നു. ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നു.
'1992-ല്‍ തുടങ്ങിയ എന്റെ ക്രിക്കറ്റ് യാത്രയുടെ 30-ാം വാര്‍ഷികമാണ് 2022. അന്നുതൊട്ട് ക്രിക്കറ്റ് എനിക്ക് പലതും നല്കി. പ്രത്യേകിച്ച് നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണ. ഈ യാത്രയില്‍ എനിക്കൊപ്പമുണ്ടായിരുന്ന ഓരോരുത്തരോടും നന്ദിപറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഒരുപാടുപേരെ സഹായിക്കാനാകുന്ന പുതിയൊരു കാര്യം ഞാന്‍ ഇന്ന് തുടങ്ങുന്നു. നിങ്ങളുടെ പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നു' എന്നായിരുന്നു ട്വീറ്റ്.
ഇതോടെ, ബി.സി.സി.ഐ. പ്രസിഡന്റ്സ്ഥാനത്തുനിന്ന് ഗാംഗുലി രാജിവെച്ചുവെന്ന വാര്‍ത്തപരന്നു. രാജ്യസഭയിലേക്ക് ഒട്ടേറെ ഒഴിവുകള്വരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് നിയോഗിക്കുമെന്നും കൂട്ടിവായിച്ചു. എന്നാല്‍ ഇത്തരം വാര്‍ത്തകളെ തള്ളിക്കൊണ്ട് ഗാംഗുലി ട്വീറ്റിന്റെ പൊരുളെന്തെന്ന് വ്യക്തമാക്കി.
ജീവിതത്തിലെ പുതിയ അധ്യായം രാഷ്ട്രീയമല്ല മറിച്ച് താന്‍ സ്വന്തമായി ഒരു വിദ്യാഭ്യാസ ആപ്പ് ആരംഭിക്കാന്‍ പോകുകയാണെന്ന് ഗാംഗുലി വ്യക്തമാക്കി. ' ഞാന്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിട്ടില്ല. ഞാന്‍ പുതുതായി ആഗോളതലത്തില്‍ ഒരു വിദ്യാഭ്യാസ ആപ്ലിക്കേഷന്‍ പുറത്തിറക്കും. അതുമായി ബന്ധപ്പെട്ടാണ് ട്വീറ്റ് ചെയ്തത്. ആ ട്വീറ്റിന് രാജിയുമായി ഒരു ബന്ധവുമില്ല'- ഗാംഗുലി പറഞ്ഞു.
ഗാംഗുലിയുടെ ട്വീറ്റിന് വിശദീകരണവുമായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഗാംഗുലി പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കില്ലെന്നാണ് ജയ് ഷാ അറിയിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..