കൊല്‍ക്കത്ത: ഇന്ത്യന്‍ വെറ്ററന്‍ താരം എം.എസ് ധോനിക്ക് പിന്തുണയുമായി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്ത്. പ്രതിഭയുള്ളവര്‍ക്ക് പ്രായം ഒരു പ്രശ്‌നമല്ലെന്നു പറഞ്ഞ ഗാംഗുലി ഏകദിന ലോകകപ്പിനു ശേഷവും ധോനിക്ക് ടീമില്‍ തുടരാമെന്നും അഭിപ്രായപ്പെട്ടു.

ഈ വരുന്ന ലോകകപ്പോടെ ധോനി രാജ്യാന്ത ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് ഗാംഗുലിയുടെ വാക്കുകള്‍. 

'' ലോകകപ്പിനു ശേഷവും ധോനിക്ക് ടീമില്‍ തുടരാം. ഇന്ത്യ ലോകകപ്പ് നേടുകയും ധോനി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്താല്‍ വിരമിക്കണമെന്ന് എങ്ങനെ അദ്ദേഹത്തോട് പറയാനാകും. കഴിവും പ്രതിഭയുമുണ്ടെങ്കില്‍ പ്രായം ഒരു പ്രശ്‌നമല്ല '' - ഗാംഗുലി പറഞ്ഞു.

ലോകോത്തര നിലവാരമുള്ള രോഹിത് - ധവാന്‍ ഓപ്പണിങ് സഖ്യത്തെ മാറ്റുന്നതിനെ കുറിച്ച് ചിന്തിക്കരുതെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിക്കാന്‍ കഴിവുള്ളവരാണ് ഇരുവരും. കെ.എല്‍. രാഹുലിനെ പരിഗിക്കാവുന്നതാണ്. എന്നാലും രോഹിത്തും ധവാനും തന്നെ ഓപ്പണ്‍ ചെയ്യുന്നതാണ് നല്ലത്. രാഹുല്‍ പകരക്കാരനായിരിക്കട്ടെയെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഉജ്വലമാണ് ഇന്ത്യയുടെ പേസ് യൂണിറ്റ്. ബുംറ - ഷമി സഖ്യത്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇരുവരെയും വ്യത്യസ്തരാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോലി മൂന്നാം നമ്പറില്‍ ബാറ്റുചെയ്യുന്നതാണ് ഉചിതമെന്നും ഗാംഗുലി പറഞ്ഞു. 

അതേസമയം, സമീപകാലത്ത് വിജയ് ശങ്കര്‍ പുറത്തെടുക്കുന്ന പ്രകടനം ടീം തിരഞ്ഞെടുപ്പില്‍ സിലക്ടര്‍മാര്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: sourav ganguly backs ms dhoni to continue after world cup