കൊല്‍ക്കത്ത: ഇക്കഴിഞ്ഞ ലോകകപ്പില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി പിന്നീടിതുവരെ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടില്ല. ഇതോടെ ഇന്ത്യയുടെ ഇതിഹാസ നായകന്റെ ഭാവിയെ കുറിച്ച് ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിക്കാനും തുടങ്ങി. എന്നാല്‍ ഇക്കാര്യത്തിലൊന്നും ഇതുവരെ ധോനി പ്രതികരിച്ചുകണ്ടിട്ടില്ല. 

ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലെ ധോനിയുടെ ഭാവി തീരുമാനിക്കാനൊരുങ്ങുകയാണ് പുതിയ ബിസിസിഐ പ്രസിഡന്റായി നിയമിതനായ സൗരവ് ഗാംഗുലി. ഈ മാസം 23-നാണ് ഗാംഗുലി ഔദ്യോഗികമായി ചുമതലയേല്‍ക്കുന്നത്.

ധോനിയുടെ ഭാവി സംബന്ധിച്ച് 24-ന് സെലക്ടര്‍മാരുമായി ചര്‍ച്ച നടത്തുമെന്നും അതിനുശേഷം ഈ വിഷയത്തില്‍ മറുപടി നല്‍കാമെന്നും ഗാംഗുലി പ്രതികരിച്ചു. ഇക്കാര്യത്തില്‍ സെലക്ടര്‍മാരുടെ അഭിപ്രായത്തിനൊപ്പം ധോനിക്ക് എന്താണ് പറയാനുള്ളത് എന്നുകൂടി അറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.

''ഭാവി പദ്ധതികളെ കുറിച്ച് ധോനിയുമായി സംസാരിക്കും. ഇതുവരെ ഞാന്‍ ചിത്രത്തിലില്ലായിരുന്നു. അതിനാല്‍ തന്നെ എല്ലാ കാര്യങ്ങളിലും അത്ര വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോള്‍ ഇതേക്കുറിച്ചെല്ലാം കൂടുതലറിയാനും തീരുമാനമെടുക്കാനുമുള്ള സ്ഥാനത്ത് ഞാനെത്തിക്കഴിഞ്ഞു. ഇനി മുന്നോട്ടുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും'', ഗാംഗുലി പറഞ്ഞു.

Content Highlights: Sourav Ganguly all set to put an end to Dhoni’s silence