ന്യൂഡല്‍ഹി: ഒരുകാലത്ത് എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാര്‍ക്ക് മധ്യ ഓവറുകളില്‍ കടിഞ്ഞാണിട്ടിരുന്ന താരങ്ങളായിരുന്നു ഇന്ത്യന്‍ സ്പിന്നര്‍മാരായിരുന്ന കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും. എന്നാല്‍ ഈ അടുത്തകാലത്തായി ഇരുവരും ഒന്നിച്ച് കളിച്ചിട്ടില്ല. ഇതില്‍ ചാഹലിന് ഏതാനും മത്സരങ്ങളില്‍ അവസരം കിട്ടുന്നുണ്ടെങ്കിലും കുല്‍ദീപ് പലപ്പോഴും ടീമിന് പുറത്താണ്. 

കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെ കടന്നുപോകുമ്പോള്‍ വിക്കറ്റിനു പിന്നില്‍ നിന്ന് കൃത്യമായ നിര്‍ദേശങ്ങള്‍ തന്നിരുന്ന മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയെ മിസ് ചെയ്യുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കുല്‍ദീപ് യാദവ്.

ഈ വര്‍ഷം ഇതുവരെ രണ്ട് ഏകദിനങ്ങളും ഒരു ടെസ്റ്റും മാത്രമാണ് കുല്‍ദീപ് ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്. മാത്രമല്ല ഐ.പി.എല്‍ 14-ാം സീസണില്‍ ഒരു മത്സരം പോലും കുല്‍ദീപിന് കളിക്കാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ധോനിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ മിസ് ചെയ്യുന്നതായി താരം തുറന്നുപറഞ്ഞിരിക്കുന്നത്.

ധോനി ടീമിലുണ്ടായിരുന്ന കാലത്ത് ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയിരുന്നത് ചാഹലും കുല്‍ദീപും ചേര്‍ന്നായിരുന്നു. എന്നാല്‍ ധോനി വിരമിച്ച ശേഷം പിന്നീട് ഇതുവരെ ഈ സഖ്യം ഒന്നിച്ച് കളിച്ചിട്ടില്ല. 

''ഇടയ്ക്ക് മഹിഭായിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഞാന്‍ മിസ് ചെയ്യാറുണ്ട്. കാരണം അദ്ദേഹം ഏറെ പരിചയസമ്പത്തുള്ളയാളായിരുന്നു. വിക്കറ്റിനു പിന്നില്‍ നിന്ന് അദ്ദേഹം ഞങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ആ അനുഭവസമ്പത്ത് ഞങ്ങള്‍ മിസ് ചെയ്യുന്നു. ഇപ്പോള്‍ ഋഷഭ് പന്തുണ്ട്. കൂടുതല്‍ മത്സരങ്ങള്‍ കളിക്കും തോറും ഭാവിയില്‍ കൂടുതല്‍ കാര്യങ്ങള്‍ അദ്ദേഹത്തിന് ചെയ്യാനാകും. ഒരു ബൗളര്‍ക്ക് എപ്പോഴും മറുവശത്ത് മികച്ച രീതിയില്‍ പിന്തുണ നല്‍കുന്ന നല്ലൊരു ബൗളിങ് പങ്കാളി വേണമെന്നാണ് എനിക്ക് തോന്നാറുള്ളത്.'' - കുല്‍ദീപ് പറഞ്ഞു.

Content Highlights: Sometimes I miss MS Dhoni s guidance says Kuldeep Yadav