അജിങ്ക്യാ രഹാനെ | Photo: ANI
മുംബൈ: ചരിത്രം തിരുത്തിയ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തന്റെ തീരുമാനങ്ങള്‍ വിജയിച്ചതിന്റെ ക്രെഡിറ്റ് മറ്റു പലരും തട്ടിയെടുത്തതായി ഇന്ത്യന്‍ താരം അജിങ്ക്യാ രഹാനെ. ബാക്ക്‌സ്റ്റേജ് വിത്ത് ബോറിയ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രഹാനെ.
ആ പരമ്പരയില്‍ രഹാനെ ആയിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. 2-1ന് പരമ്പര വിജയിച്ച് ഇന്ത്യ ചരിത്രമെഴുതി. എന്നാല്‍ ഇപ്പോള്‍ അന്നത്തെ പരമ്പരയുടെ പിന്നാലെ നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് രഹാനെ. 'ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഞാന്‍ എന്താണ് ചെയ്തത് എന്ന് എനിക്ക് നന്നായി അറിയാം. അതെല്ലാം വിളിച്ചുപറയുകയും ക്രെഡിറ്റ് എടുക്കുകയും ചെയ്യുന്നത് എന്റെ രീതിയല്ല. ഡ്രസ്സിങ് റൂമിലും ഗ്രൗണ്ടിലും ഞാന്‍ എടുത്ത തീരുമാനങ്ങളുടെ ക്രെഡിറ്റ് മറ്റു പലരുമാണെടുത്തത്. പരമ്പര വിജയിക്കുക എന്നതായിരുന്നു എന്നെ സംബന്ധിച്ച് പ്രധാനം.' രഹാനെ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ പരിശീലകന്‍ രവി ശാസ്ത്രിയെ ഉന്നംവെച്ചുള്ളതാണ് രഹാനെയുടെ പ്രതികരണമെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ആ പരമ്പര വിജയത്തിന് ശേഷം നിരവധി പേര്‍ രവി ശാസ്ത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖങ്ങളിലും രവി ശാസ്ത്രി എല്ലാം തന്റെ തീരുമാനങ്ങള്‍ ആയിരുന്നെന്നും എല്ലാം ചെയ്തത് താന്‍ ആണെന്നുമുള്ള രീതിയില്‍ സംസാരിച്ചിരുന്നു.
തന്റെ കരിയര്‍ അവസാനിച്ചു എന്നു പറയുന്നവര്‍ക്ക് കളി എന്താണെന്ന് അറിയില്ലെന്നും രഹാനെ തുറന്നടിച്ചു. 'എന്റെ കരിയര്‍ അവസാനിച്ചു എന്ന് ആരെങ്കിലും പറയുമ്പോള്‍ ഞാന്‍ അവരെ നോക്കി ചിരിക്കുകയേ ഉള്ളൂ. കളി അറിയാവുന്നവര്‍ അങ്ങനെ ഒരിക്കലും പറയില്ല. ഓസ്‌ട്രേലിയയില്‍ എന്താണ് സംഭവിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. അതിന് മുമ്പ് റെഡ് ബോളില്‍ ഞാന്‍ നല്‍കിയ സംഭാവനകള്‍ എന്താണെന്നും അറിയാം. കളിയെ സ്‌നേഹിക്കുന്നവര്‍ വിവേകത്തോടെയേ സംസാരിക്കുകയുള്ളു.' രഹാനെ വ്യക്തമാക്കുന്നു.
അന്ന് ഓസ്‌ട്രേലിയക്കെതിരേ അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ തകര്‍ന്നതോടെ 4-0ത്തിന് പരമ്പര നഷ്ടമാകും എന്ന് ക്രിക്കറ്റ് വിദഗ്ദ്ധരെല്ലാം പ്രവചിച്ചിരുന്നു. എന്നാല്‍ മെല്‍ബണില്‍ സെഞ്ചുറിയോടെ രഹാനെ മുന്നില്‍ നിന്ന് നയിച്ചു. പിന്നാലെ സിഡ്‌നിയില്‍ സമനിലയും ഗബ്ബയില്‍ വിജയവും സ്വന്തമാക്കി. ഇന്ത്യയുടെ ബീ ടീമുമായാണ് ഗബ്ബയില്‍ രഹാനെ വിജയം പിടിച്ചെടുത്തത്.
Content Highlights: Someone Else Took Credit For Decisions I Took In Australia says Ajinkya Rahane
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..