ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിൽ സമനിലയുമായി രക്ഷപ്പെട്ട് ഇന്ത്യൻ വനിതകൾ. ഫോളോ ഓൺ വഴങ്ങി തോൽവിയിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയെ അരങ്ങേറ്റ താരമായ സ്നേഹ് റാണയുടെ ചെറുത്തുനിൽപ്പ് രക്ഷിക്കുകയായിരുന്നു. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്തു നിൽക്കുമ്പോഴാണ് മത്സരം അവസാനിച്ചത്. ഈ സമയത്ത് ഇന്ത്യയുടെ ലീഡ് 179 റൺസായിരുന്നു.

ഒരു ഘട്ടത്തിൽ ഇന്ത്യ ഏഴു വിക്കറ്റിന് 197 റൺസ് എന്ന നിലയിലായിരുന്നു. ഇവിടെ നിന്നാണ് സ്നേഹ് ഇന്ത്യയെ മുന്നോട്ടുനയിച്ച് സമനിലയിലെത്തിച്ചത്. 154 പന്തിൽ നിന്ന് 80 റൺസോടെ സ്നേഹ് പുറത്താകാതെ നിന്നു. പേസ് ബൗളർ ശിഖാ പാണ്ഡേയ്ക്കൊപ്പം 41 റൺസിന്റേയും താനിയ ഭാട്ടിയക്കൊപ്പം 104 റൺസിന്റേയും കൂട്ടുകെട്ട് സ്നേഹ് പടുത്തുയർത്തി. 88 പന്തിൽ ആറു ഫോറിന്റെ സഹായത്തോടെ 44 റൺസെടുത്ത താനിയ ഭാട്ടിയ പുറത്താകാതെ നിന്നു. ശിഖ പാണ്ഡെ 50 പന്തിൽ 18 റൺസെടുത്തു.

അരങ്ങേറ്റ ടെസ്റ്റിൽ ഇന്ത്യക്കായി നാല് വിക്കറ്റും അർധ ശതകവും നേടുന്നആദ്യ താരമായി സ്നേഹ്. ആറാം സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങി ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും സ്നേഹ് സ്വന്തം പേരിൽ കുറിച്ചു.

ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ഉയർത്തിയ 396 റൺസിന് മറുപടിയായി ഇന്ത്യ 231 റൺസിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്സിൽ ഓപ്പണർ സ്മൃതി മന്ദാനയെ വേഗത്തിൽ നഷ്ടമായി. പിന്നീട് രണ്ടാം വിക്കറ്റിൽ ദീപ്തിയും ഷെഫാലിയും 70 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 83 പന്തിൽ 11 ഫോറും ഒരു സിക്സും സഹിതം 60 റൺസെടുത്താണ് പതിനേഴുകാരിയായ ഷെഫാലി പുറത്തായത്. 168 പന്തിൽ നിന്ന് 54 റൺസാണ് ദീപ്തി നേടിയത്. രണ്ടിന്നിങ്സിലും ഇന്ത്യക്കായി അർധ സെഞ്ചുറി നേടിയ ഷെഫാലിയാണ് കളിയിലെ താരം.

Content Highlights: Sneh Rana India Women vs England Women Test Cricket