ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിൽ മനോഹര ക്യാച്ചുമായി ഇന്ത്യൻ താരം സ്മൃതി മന്ദാന. ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 38-ാം ഓവറിൽ നതാലി സൈവറെ പുറത്താക്കാനാണ് മന്ദാന തകർപ്പൻ ക്യാച്ചെടുത്തത്.

ഓഫ് സ്പിന്നർ ദീപ്തി ശർമയുടെ പന്തിൽ സിക്സ് നേടാനുള്ള ശ്രമത്തിലായിരുന്നു നതാലി. ബൗണ്ടറി ലൈനിന് അരികിൽ ഫുൾ ലെങ്ത് ഡൈവ് ചെയ്ത് മന്ദാന പന്ത് കൈപ്പിടിയിലൊതുക്കി. പുറത്താകുമ്പോൾ സൈവർ 59 പന്തിൽ നിന്ന് 49 റൺസ് നേടി മികച്ച ഫോമിലായിരുന്നു. മന്ദാനയുടെ ഈ ക്യാച്ച് കണ്ട് മുൻ പരിശീലകൻ ഡബ്ല്യു.വി രാമൻ അഭിനന്ദനവുമായെത്തി. ട്വിറ്ററിലൂടെയായിരുന്നു രാമന്റെ അഭിനന്ദനം.

ഇന്ത്യയുടെ ഇന്നിങ്സിൽ ബാറ്റുകൊണ്ടും മന്ദാന തിളങ്ങി. 57 പന്തിൽ 49 റൺസാണ് ഇന്ത്യൻ ഓപ്പണർ നേടിയത്. ക്യാപ്റ്റൻ മിതാലി രാജ് 86 പന്തിൽ 75 റൺസുമായി പുറത്താകാതെ നിന്നു. ഇതോടെ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വനിതാ താരം എന്ന റെക്കോഡും മിതാലി സ്വന്തമാക്കി.

മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചു. നിശ്ചിത ഓവറിന് മൂന്നു പന്ത് ശേഷിക്കെ ഇന്ത്യ വിജയലക്ഷ്യമായ 220 റൺസ് പിന്നിട്ടു. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ചിരുന്ന ഇംഗ്ലണ്ട് 2-1ന് പരമ്പര സ്വന്തമാക്കി.

Content Highlights: Smriti Mandhanas Catch To Dismiss Nat Sciver Lights Up Twitter