സ്മൃതി മന്ദാനയെന്ന മഹാരാഷ്ട്രക്കാരി പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് അറിയുമോ? വനിതാ ക്രിക്കറ്റ് ലോകകപ്പ് കാണുകയാണെങ്കില്‍ അവളെ നിങ്ങള്‍ ഓര്‍ത്തുവെയ്ക്കും. ഗ്രൗണ്ടിലെ വീറും വാശിയും വാക്കിലും ജീവിതത്തിലും പകര്‍ത്തിയവളാണവള്‍. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പത്ത് റണ്‍സകലെ നഷ്ടപ്പെട്ട സെഞ്ചുറി വിന്‍ഡീസിനെതിരെ അവള്‍ നേടിയെടുത്തു.  13 ഫോറും രണ്ടു സിക്‌സുമടക്കം പുറത്താകാതെ 106 റണ്‍സാണ് സ്മൃതി അടിച്ചെടുത്തത്. 

പരിക്കിന്റെ പിടിയിലകപ്പെട്ടതോടെ കുറച്ചു കാലമായി കളിക്കാതിരുന്ന ഇരുപതുകാരി ലോകകപ്പിലൂടെ തിരിച്ചുവരവ് നടത്തുകയായിരുന്നു. ജനുവരി മുതല്‍ സൈഡ് ബെഞ്ചിലായ ഇന്ത്യയുടെ ഓപ്പണറില്‍ സെലക്റ്റര്‍മാര്‍ അര്‍പ്പിച്ച വിശ്വാസം ഏതായാലും വെറുതെയായില്ല. വിന്‍ഡീസിനെതിരായ പരിശീലന മത്സരത്തില്‍ നേടിയ 82 റണ്‍സ് നല്‍കിയ ആത്മവിശ്വാസം മുറുകെപ്പിടിച്ചായിരുന്നു സ്മൃതിയുടെ ലോകകപ്പ് പ്രയാണം.

തന്റെ സെഞ്ചുറിയെ അഭിനന്ദിച്ച് സച്ചിനും വീരേന്ദര്‍ സെവാഗും മുഹമ്മദ് കൈഫും ചെയ്ത ട്വീറ്റ് ചെറുതായി കാണുന്നില്ല സ്മൃതി. അതൊരു അംഗീകരമായാണ് സ്മൃതി കണക്കാക്കുന്നത്.

ഗ്രൗണ്ടില്‍ മാത്രമല്ല, വാക്കിലും നിലപാടിലും സ്മൃതിക്ക് മൂര്‍ച്ചയുണ്ട്. ഇന്ത്യയുടെയും പാകിസ്താന്റെയും പുരുഷ ക്രിക്കറ്റ് താരങ്ങളില്‍ ആരെയാണ് കൂടുതലിഷ്ടം എന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒരു പുരുഷ താരമായിരുന്നെങ്കില്‍ നിങ്ങള്‍ ഇഷ്ടപ്പെട്ട വനിതാ ക്രിക്കറ്ററുടെ പേര് ചോദിക്കുമോ എന്ന് മറുപടി നല്‍കിയ മിഥാലി രാജിനെപ്പോലെ തന്നെയാണ് നിലപാടിന്റെ കാര്യത്തില്‍ സ്മൃതിയും. 

ഇംഗ്ലണ്ടിനെതിരായ മത്സരശേഷം ഇന്ത്യ ലോകകപ്പ് നേടുമോ എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. പക്ഷേ ആ ചോദ്യം സ്മൃതിക്ക് ഇഷ്ടമായില്ല. എന്ത്? നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നില്ലേ എന്നായിരുന്നു സ്മൃതിയുടെ മറുപടി. ഒന്നും അവസാനിച്ചിട്ടില്ലെന്നും ഇന്ത്യക്ക് വേണ്ടി ലോകകപ്പ് നേടുകയാണ് തന്റെ ലക്ഷ്യമെന്നും സ്മൃതി പറയുന്നു. 

Smriti Mandhana