നിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങ് ഹീറോയിന്‍ സ്മൃതി മന്ദാനയുടെ ഇഷ്ടതാരം സൗരവ് ഗാംഗുലി മാത്രമല്ല. ദാദയെക്കൂടാതെ മറ്റൊരു ക്രിക്കറ്റ് താരം കൂടി സ്മൃതിയുടെ ബാറ്റിങ്ങിനെ സ്വാധീനിച്ചിട്ടുണ്ട്. അയാളുടെ ബാറ്റിങ് സ്‌റ്റൈല്‍ മോഷ്ടിച്ചതിനെ തുടര്‍ന്ന് ചെറുപ്പത്തില്‍ സ്മൃതിക്ക് പരിശീലകന്റെ വക ചീത്തയും കിട്ടി.

ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയാണ് സ്മൃതിയുടെ മനസ്സിലിടം പിടിച്ച ബാറ്റിങ് സ്റ്റൈലിനുടമ. മഹാരാഷ്ട്രയിലെ സാംഗ്‌ളിയില്‍ നിന്നുള്ള സ്മൃതിയുടെ കുട്ടിക്കാലത്തെ പരിശീലകന്‍ ആനനന്ദ് തംബവേക്കര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

''ചെറുപ്പത്തില്‍ വളരെ കുസൃതിക്കാരിയായിരുന്നു സ്മൃതി. പക്ഷേ പരിശീലനത്തിനായി നെറ്റ്‌സിലെത്തിയാല്‍ അവള്‍ കുസൃതിയൊക്കെ മാറ്റിവെച്ച് അച്ചടക്കത്തോടെ ഞാന്‍ പറയുന്നത് കേള്‍ക്കും. ഒരു ഷോട്ട് പഠിക്കുകയാണെങ്കില്‍ അതു പൂര്‍ത്തിയാക്കാതെ അവള്‍ നെറ്റ്‌സില്‍ നിന്ന് പോകില്ല. പിന്നീട് അവള്‍ സംഗക്കാരയുടെ ആരാധികയായി മാറി. അതോടെ അവളുടെ ബാറ്റിങ് സ്‌റ്റൈലിലും സംഗക്കാര കടന്നുകൂടി. ഇടങ്കയ്യനായ സംഗക്കാര അടിക്കുന്നതു പോലെത്തെ ഷോട്ട് മാത്രമേ അവളും ചെയ്യൂ. ചില സമയത്ത് സംഗക്കാരയെപ്പോലെ കളിക്കുന്നതു കാണുമ്പോള്‍ എനിക്ക് ചീത്ത പറയേണ്ടി വന്നിട്ടുണ്ട്'' ആനന്ദ് പറയുന്നു.

വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 90 റണ്‍സ് അടിച്ചാണ് ഓപ്പണറായ സ്മൃതി ബാറ്റിങ് പ്രകടനം തുടങ്ങിയത്. പിന്നീട് അടുത്ത മത്സരത്തില്‍ വിന്‍ഡീസിനെതിരെ സെഞ്ചുറി നേടി. 

തന്നെ ഇപ്പോഴും സ്മൃതി മറന്നിട്ടില്ലെന്ന്‌ ആനന്ദ് പറയുന്നു. വിന്‍ഡീസിനെതിരെ സെഞ്ചുറി നേടിയ ശേഷം ലണ്ടനില്‍ നിന്ന് അവള്‍ വിളിച്ചിരുന്നു. സെഞ്ചുറി നേടുന്നതിനിടയില്‍ ബാറ്റിങ്ങില്‍ എന്തെങ്കിലും സാങ്കേതികപ്പിഴവ് താന്‍ വരുത്തിയോ എന്ന് അവള്‍ എന്നോട് ചോദിച്ചു. അവളില്‍ നിന്ന് ഒരു ഫോണ്‍കോള്‍ ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ആനന്ദ് പറയുന്നു.

2014ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു സ്മൃതിയുടെ ഇന്ത്യന്‍ ജഴ്‌സിയിലുള്ള അരങ്ങേറ്റം. ആ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 22 റണ്‍സ് നേടിയ സ്മൃതി രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറി കണ്ടെത്തി. അന്ന് ഓപ്പണിങ് വിക്കറ്റില്‍ 76 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സ്മൃതിയുടെ ബാറ്റിങ് ഇന്ത്യയുടെ 182 റണ്‍സ് വിജയലക്ഷ്യത്തില്‍ നിര്‍ണായകമായി.

അന്ന് മുതല്‍ പിന്നീടിങ്ങോട്ട് സ്ഥിരതയുള്ള പ്രകടനമാണ് ഇരുപതുകാരി പുറത്തെടുത്തത്. ഏകദിനത്തിലെ സ്മൃതിയുടെ പ്രകടനം പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. 25 ഏകദിനം കളിച്ച സ്മൃതി 37 ശരാശരിയില്‍ രണ്ട് സെഞ്ചുറിയും ആറു അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്.