ന്യൂഡല്‍ഹി: സമീപകാലത്തെ മികച്ച പ്രകടനങ്ങളോടെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന ഐ.സി.സി ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാമതെത്തി. 

ന്യൂസീലന്‍ഡിനെതിരായ മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ് സ്മൃതിയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായത്.

ഓസ്ട്രേലിയന്‍ താരങ്ങളായ എലിസി പെറി, മെഗ് ലാനിങ് എന്നിവരെ മറികടന്നാണ് ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചത്. 751 പോയന്റാണ് സ്മൃതിക്കുള്ളത്. 

ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ തന്റെ നാലാം ഏകദിന സെഞ്ചുറിയും പുറത്താകാതെ 90 റണ്‍സും സ്മൃതി നേടിയിരുന്നു. 2018-നു ശേഷം അസാമാന്യ ഫോമിലാണ് സ്മൃതി. 15 മത്സരങ്ങളില്‍ നിന്ന് ഇതുവരെ രണ്ടു സെഞ്ചുറികളും എട്ടു അര്‍ധ സെഞ്ചുറികളും താരം നേടിയിട്ടുണ്ട്. 

അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് ഒരു സ്ഥാനം നഷ്ടപ്പെട്ട് അഞ്ചാം സ്ഥാനത്തായി. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ പൂനം യാദവ്, ദീപ്തി ശര്‍മ്മ എന്നിവര്‍ യഥാക്രമം എട്ട്, ഒമ്പത് സ്ഥാനങ്ങളിലാണ്. ന്യൂസിലന്‍ഡ് പരമ്പരയില്‍ മികച്ച സ്പിന്നറായ പൂനം യാദവ് ആറു വിക്കറ്റുകളാണ് നേടിയത്.
 
നേരത്തെ 2018-ലെ ഐ.സി.സിയുടെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരവും (റേച്ചല്‍ ഹെയ്ഹൊ ഫ്ളിന്റ്) സ്മൃതി മന്ദാനയ്ക്കായിരുന്നു. ഐ.സി.സിയുടെ മികച്ച വനിതാ ഏകദിന താരവും സ്മൃതി തന്നെയായിരുന്നു.

Content Highlights: smriti mandhana to top spot of icc odi batting ranking