ലണ്ടന്‍: ഇംഗ്ലീഷ് വനിതാ കൗണ്ടി ടിട്വന്റി ക്രിക്കറ്റില്‍ വീണ്ടും ഇന്ത്യന്‍ താരം സ്മൃതി മന്ദാനയുടെ ബാറ്റിങ് വെടിക്കെട്ട്. 61 പന്തില്‍ 102 റണ്‍സ് അടിച്ചെടുത്ത മന്ദാനയുടെ മികവില്‍  ലാന്‍സെഷയര്‍ തണ്ടറിനെതിരെ വെസ്റ്റേണ്‍ സ്റ്റോം ഏഴു വിക്കറ്റിന്റെ വിജയമാഘോഷിച്ചു.

154 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്‌റ്റേണ്‍ സ്‌റ്റോം 18.4 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇടങ്കയ്യന്‍ ഓപ്പണറായ ഇന്ത്യന്‍ താരം 12 ഫോറുകളുടേയും നാല് സിക്‌സുകളുടേയും അകമ്പടിയോടെയാണ് സെഞ്ചുറിയടിച്ചത്. വിജയമുറപ്പിച്ച ഘട്ടത്തില്‍ 102 റണ്‍സുമായി മന്ദാന പുറത്തായെങ്കിലും തൊട്ടുപിന്നാലെ ടീം വിജയത്തിലെത്തി.

കഴിഞ്ഞ നാല് മത്സരങ്ങളില്‍ 48, 37, 52 നോട്ടൗട്ട് , 43  നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു സ്മൃതിയുടെ സ്‌കോര്‍. 282 റണ്‍സ് നേടിയ സ്മൃതിയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍.

അതേസമയം ഇതേ മത്സരത്തില്‍ ഇന്ത്യയുടെ ടിട്വന്റി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ റണ്ണൊന്നുമെടുക്കാതെ പുറത്തുപോയി. സര്‍റേ സ്റ്റാര്‍സും ലാന്‍സെഷയര്‍ തണ്ടറും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഹര്‍മന്‍പ്രീത് മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്നു. അവസാന ഓവറില്‍ ഫോറും സിക്‌സുമടിച്ച് ഹര്‍മന്‍പ്രീത് ലാന്‍സെഷയറിന് വിജയമൊരുക്കി. 

Content Highlights: Smriti Mandhana smashes 60-ball T20 hundred in England