മുംബൈ: മുഹമ്മദ് ഷമിക്കെതിരേ ബാറ്റുചെയ്ത ദിവസം ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാന ജീവിതത്തിൽ ഒരിക്കലും മറക്കില്ല. അത്രയക്ക് വേദനതിന്ന പത്ത് ദിവസങ്ങളാണ് പിന്നീട് സ്മൃതിയുടെ ജീവിതത്തിൽ കടന്നുപോയത്. പരിശീലനത്തിനിടെയാണ് ഷമിയുടെ പന്ത് സ്മൃതി നേരിട്ടത്. ഇതൊരു വൻസാഹസമായിപ്പോയി. ഷമിയെറിഞ്ഞ പന്ത് വന്നിടിച്ചത് മന്ദാനയുടെ തുടയിലായിരുന്നു. ഇതോടെ പത്ത് ദിവസമാണ് തുടയിൽ നീരു മായാതെ കിടന്നത്.

ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് വേദനിപ്പിച്ച ഈ അനുഭവം സ്മൃതി പങ്കുവെച്ചത്. രോഹിത് ശർമ, സഹതാരം ജമീമ റോഡ്രിഗസ് എന്നിവരുമായി ലൈവ് ചാറ്റിൽ സംസാരിക്കുമ്പോഴായിരുന്നു ഇത്.

ഏകദേശം 120 കിലോമീറ്റർ വേഗത്തിലാണ് ഷമി പന്തെറിഞ്ഞുകൊണ്ടിരുന്നത്. ദേഹത്തേക്ക് പന്തെറിയില്ല എന്ന് ഷമിയിൽ നിന്ന് സ്മൃതി ഉറപ്പുവാങ്ങിയിരുന്നു. എന്നാൽ ഗതിമാറിയ പന്ത് വന്നിടിച്ചത് തുടയിലാണ്. ഇതിന്റെ നീരുമായാതെ കിടന്നത് പത്ത് ദിവസമാണെന്നും സ്മൃതി ലൈവ് ചാറ്റിൽ പറയുന്നു. ഷമി പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന സമയത്താണ് സ്മൃതി മന്ദാന അദ്ദേഹത്തോടൊപ്പം ബാറ്റിങ് പരിശീലിച്ചത്.

ആദ്യത്തെ രണ്ടു പന്തും എനിക്ക് ഒന്നുതൊടാൻ പോലുമായില്ല. അത്രയും വേഗത്തിലുള്ള പന്തുകൾ നേരിട്ടുപരിയചമില്ലല്ലോ. പക്ഷേ മൂന്നാമത്തെ പന്ത് എന്നെ ചതിച്ചു. അതു നേരെ വന്നിടിച്ചത് എന്റെ തുടയിലാണ്. ഞാൻ വേദന കൊണ്ട് പുളഞ്ഞുപോയി. സ്മൃതി ആ സംഭവം ഓർത്തെടുക്കുന്നു.

രണ്ടു ടെസ്റ്റുകളും 51 ഏകദിനങ്ങളും 75 ട്വന്റി-20യുമാണ് സ്മൃതി ഇതുവരെ ഇന്ത്യക്കായി കളിച്ചത്. ടെസ്റ്റിൽ ഒരു അർധസെഞ്ചുറി സഹിതം 81 റൺസാണ് സമ്പാദ്യം. ഏകദിനത്തിൽ നാലു സെഞ്ചുറിയും 17 അർധസെഞ്ചുറിയും ഉൾപ്പെടെ 2025 റൺസ് നേടി. ട്വന്റി-20യിൽ 12 അർധ സെഞ്ചുറികൾ സഹിതം 1716 റൺസും അടിച്ചെടുത്തു.

Content Highlights: Smriti Mandhana recalls being hit by Mohammed Shami delivery