മകെയ്: ഓസ്ട്രേലിയയിലെ ബിഗ്ബാഷ് വനിതാ ക്രിക്കറ്റ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ താരങ്ങളായ സ്തൃതി മന്ഥാനയും ഹര്‍മന്‍പ്രീത് കൗറും. സിഡ്‌നി തണ്ടേഴ്‌സിനായി സ്മൃതി സെഞ്ചുറി നേടിയപ്പോള്‍ മെല്‍ബണ്‍ റെനെഗേഡ്‌സിനായി ഹര്‍മന്‍പ്രീത് അര്‍ധശതകം കുറിച്ചു. 

ഇരുതാരങ്ങളും നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ സ്മൃതിയുടെ സിഡ്‌നി തണ്ടേഴ്‌സിനെ തോല്‍പ്പിച്ച് ഹര്‍മന്‍പ്രീതിന്റെ മെല്‍ബണ്‍ റെനെഗേഡ്സ് വിജയം സ്വന്തമാക്കി. സ്മൃതി 64 പന്തുകളില്‍ നിന്ന് 114 റണ്‍സ് നേടി പുറത്താവാതെ നിന്നു. 

ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി തണ്ടേഴ്‌സ് സെഞ്ചുറി നേടിയ സ്മൃതിയുടെ ബാറ്റിങ് മികവില്‍ 20 ഓവറില്‍ 171 റണ്‍സെടുത്തു.64 പന്തുകളില്‍ നിന്ന് 114 റണ്‍സെടുത്ത സ്മൃതി അവിശ്വസനീയ പ്രകടനമാണ് പുറത്തെടുത്തത്. 14 ഫോറും മൂന്ന് സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

എന്നാല്‍ സ്മൃതിയുടെ ഒറ്റയാള്‍ പോരാട്ടം വിഫലമായി. 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മെല്‍ബണ്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. 55 പന്തുകളില്‍ നിന്ന് പുറത്താവാതെ 81 റണ്‍സെടുത്ത ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് മെല്‍ബണിന് വിജയം നല്‍കിയത്.11 ഫോറും രണ്ട് സിക്സും ഹര്‍മന്‍പ്രീതിന്റെ ബാറ്റില്‍ നിന്ന് പ്രവഹിച്ചു. 

 

 

Content Highlights: smriti mandhana cracked unbeaten century in big bash league