ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന കിയ സൂപ്പര്‍ലീഗ് ടിട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം തുടരുന്ന ഇന്ത്യയുടെ സ്മൃതി മന്ദാനയുടെ പേരില്‍ മറ്റൊരു റെക്കോഡ് കൂടി. വനിതാ സൂപ്പര്‍ ലീഗ് ടിട്വന്റി ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഒരു സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരിയായിരിക്കുകയാണ് സ്മൃതി.

ടൂര്‍ണമെന്റില്‍ വെസ്റ്റേണ്‍ സ്റ്റോമിനു വേണ്ടിയാണ് സ്മൃതി കളിക്കുന്നത്. യോര്‍ക്ക്‌ഷെയര്‍ ഡയമണ്ട്‌സിനെതിരായ മത്സരത്തില്‍ 56 റണ്‍സെടുത്ത സ്മൃതിയുടെ മികവില്‍ വെസ്റ്റേണ്‍ സ്റ്റോം വിജയം കരസ്ഥമാക്കിയിരുന്നു. ഈ മത്സരത്തിലാണ് സ്മൃതി റെക്കോഡ് ബുക്കില്‍ ഇടം നേടിയത്.

36 പന്തില്‍ നിന്ന് 56 റണ്‍സെടുത്ത സ്മൃതിയുടെ മികവില്‍ യോര്‍ക്ക്‌ഷെയര്‍ ഡയമണ്ട്‌സ് കുറിച്ച 173 റണ്‍സ് വിജയലക്ഷ്യം 19.2 ഓവറില്‍ വെസ്റ്റേണ്‍ സ്റ്റോം മറികടന്നു. അഞ്ച് ഫോറും മൂന്നു സിക്‌സുമടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്‌സ്. 

ലീഗില്‍ തുടര്‍ച്ചയായ ആറു മത്സരങ്ങളിലെ സ്മൃതിയുടെ പ്രകടനം കാണുക; 48, 37, 52 നോട്ടൗട്ട്, 43 നോട്ടൗട്ട്, 102, 56. ആറുമത്സരങ്ങളില്‍ നിന്ന് 338 റണ്‍സെടുത്ത സ്മൃതി, 2016-ല്‍ സ്‌റ്റെഫാനി ടെയ്‌ലര്‍ കുറിച്ച 289 റണ്‍സിന്റെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. സൂപ്പര്‍ലീഗ് ടിട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയും സ്മൃതി തന്നെയാണ്. ഇന്ത്യയുടെ ടിട്വന്റി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ഇത്തവണ ടൂര്‍ണമെന്റില്‍ കളിക്കുന്നുണ്ട്. 

അവസാന മൂന്ന് സീസണുകളിലെ വനിതാ സൂപ്പര്‍ലീഗ് ടിട്വന്റി ടോപ് സ്‌കോറര്‍മാര്‍.

2016 - സ്‌റ്റെഫാനി ടെയ്‌ലര്‍ (വെസ്റ്റേണ്‍ സ്റ്റോം) - 289
2017 - റേച്ചല്‍ പ്രീസ്റ്റ് (വെസ്റ്റേണ്‍ സ്റ്റോം) - 261
2018 - സ്മൃതി മന്ദാന (വെസ്റ്റേണ്‍ സ്റ്റോം) - 338*

ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഇതുവരെ 338 റണ്‍സെടുത്ത സ്മൃതിക്ക് പിന്നില്‍ രണ്ടാമതായി ഉള്ളത് 181 റണ്‍സെടുത്ത ലോറന്‍ വിന്‍ഫീല്‍ഡാണ്. ഈ ടൂര്‍ണമെന്റിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരിയും (84.50), സ്‌ട്രൈക്ക് റേറ്റും (183.69), ഉയര്‍ന്ന വ്യക്തിഗത സ്‌കോറും (61 പന്തില്‍ നിന്ന് 102), കൂടുതല്‍ തവണ അന്‍പതിലേറെ റണ്‍സും (3 തവണ), കൂടുതല്‍ ബൗണ്ടറികളും (34), സിക്‌സറുകളും (19) സ്മൃതിയുടെ പേരില്‍ തന്നെ.

Content Highlights: smriti mandhana, kia women super league