ഇന്‍ഡോര്‍: സ്മൃതി മന്ദാനയുടെ സെഞ്ചുറി മികവില്‍ ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബ്ലൂവിന് തകര്‍പ്പന്‍ വിജയം. ഇന്ത്യ റെഡ്ഡിനെ എട്ടു വിക്കറ്റിനാണ് ഇന്ത്യ ബ്ലൂ തോല്‍പ്പിച്ചത്. സ്മൃതി മന്ദാനയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ബ്ലൂ 199 റണ്‍സിന് റെഡ്ഡിനെ പുറത്താക്കിയ ശേഷം 23 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു.

മന്ദാന 10 ഫോറും ഒരു സിക്‌സും നേടിയാണ് സെഞ്ചുറിയിലെത്തിയത്. മറ്റൊരു ഓപ്പണറായി വിആര്‍ വനിത് നാല് ഫോറും മൂന്നു സിക്‌സുമടക്കം 42 റണ്‍സടിച്ചു. മോന പുറത്താകാതെ 44 റണ്‍സ് നേടി. 

ആദ്യം ബാറ്റു ചെയ്ത ഇന്ച്യ റെഡ് സംഘത്തിന് വേണ്ടി ക്യാപ്റ്റന്‍ മിതാലി രാജ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ 72 റണ്‍സെടുത്ത മിതാലിക്ക് പിന്തുണ നല്‍കാന്‍ ആരുമില്ലായിരുന്നു. ദീപ്തി ശര്‍മ്മ (23) പ്രീതി പൂനിയ (29) ഉം ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 42 റണ്‍സ് ചേര്‍ത്തു. രണ്ടാം വിക്കറ്റില്‍ മിതാലി രാജുമായി ചേര്‍ന്ന് ദീപ്തി ശര്‍മ്മ 33 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഫുല്‍മാലിക്കും നേഹ തല്‍വാറും വേഗത്തില്‍ പുറത്തായി. സുഷമ വര്‍മ്മയുമൊത്ത് ആറാം വിക്കറ്റില്‍  മിതാലി 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതാണ് റെഡിന്റെ സ്‌കോര്‍ 199ലെത്തിച്ചത്. 

Content Highlights: Smriti Mandhana  Century Sparks India Blue Win