ബെംഗളൂരു ടെസ്റ്റിനിടെ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഡി.ആര്‍.എസ് റിവ്യൂ വിളിക്കാനായി ഡ്രസ്സിങ് റൂമിന്റെ സഹായം തേടിയത് വിവാദമാകുന്നു. സ്മിത്തിന്റെ പ്രവര്‍ത്തിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച വിരാട് കോലി ഇത് പല തവണ ഓസീസ് ടീം ആവര്‍ത്തിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. മത്സരത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കോലി പ്രതികരിച്ചത്.

ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിങ്‌സിനിടയില്‍ ഉമേഷ് യാദവിന്റെ പന്തില്‍ സ്റ്റീവ് സ്മിത്ത് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാല്‍ ക്രീസ് വിടാതെ നിന്ന സ്മിത്ത്  നോണ്‍ സ്‌ട്രേക്കേഴ്‌സ് എന്‍ഡില്‍ നിന്ന പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പുമായി ചര്‍ച്ച നടത്തി. ഡി.ആര്‍.എസ് റിവ്യൂ വേണമോ എന്നായിരുന്നു ചര്‍ച്ച. കൂടുതല്‍ ഉറപ്പ് ലഭിക്കാനായി സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കുന്നത് വിരാട് കോലിയും അമ്പയറും ശ്രദ്ധിച്ചു. ഗ്രൗണ്ടിലുള്ള താരങ്ങളില്‍ നിന്ന് മാത്രമേ റിവ്യൂവിനായി അഭിപ്രായം തേടാവൂ എന്ന നിയമമുള്ള സ്ഥിതിക്ക് സ്മിത്ത് ചെയ്തത് തെറ്റ് തന്നെയായിരുന്നു.

ഉടനെത്തന്നെ കോലിയും അമ്പയര്‍ നിഗെല്‍ ലോങ്ങും സ്മിത്തിന്റെ അടുത്തേക്ക് ഓടിയെത്തി. വളരെ ദേഷ്യത്തിലായിരുന്ന കോലി സ്മിത്തിനോട് ചൂടാകാന്‍ ഒരുങ്ങിയെങ്കിലും അമ്പയര്‍ അനുനയിപ്പിക്കുകയായിരുന്നു. 

താന്‍ ബാറ്റു ചെയ്യുന്ന സമയത്തും ഓസീസ് താരങ്ങള്‍ ഡി.ആര്‍.എസ് റിവ്യൂവിനായി ഗ്രൗണ്ടിന് പുറത്ത് നിന്നുള്ള സഹായം തേടിയിരുന്നുവെന്ന് കോലി പറഞ്ഞു. ഇത് താന്‍ മാച്ച് റഫറിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നുവെന്നും കഴിഞ്ഞ മൂന്ന് ദിവസമായി ഓസീസ് ഇത് ആവര്‍ത്തിക്കുന്നുണ്ടെന്ന് അറിയിച്ചിരുന്നതായും കോലി വ്യക്തമാക്കി. 

അതുകൊണ്ടു തന്നെ രണ്ടാം ഇന്നിങ്‌സില്‍ പുറത്തായപ്പോള്‍ സ്മിത്ത് ഡ്രസ്സിങ് റൂമിലേക്ക് നോക്കിയപ്പോള്‍ തന്നെ അമ്പയര്‍ക്ക് കാര്യം മനസ്സിലായി. സംഭവം പന്തികേടാണെന്ന് തോന്നിയ സ്മിത്ത് ക്രീസ് വിടുകയും ചെയ്തു. കോലി കൂട്ടിച്ചേര്‍ത്തു.

താന്‍ ചെയ്തത് തെറ്റാണെന്ന് സ്മിത്ത് പിന്നീട് വ്യക്തമാക്കി. അതൊരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു. അപ്പോള്‍ അങ്ങനെയാണ് ചിന്ത പോയത്. ഹാന്‍ഡ്‌സകോമ്പിനോട് അഭിപ്രായം ചോദിച്ചപ്പോള്‍ ഡ്രസ്സിങ് റൂമിലേക്ക് നോക്കാന്‍ പറഞ്ഞു. അതുകൊണ്ടാണ് അങ്ങോട്ട് മുഖം തിരിച്ചതെന്നും സ്മിത്ത് കുറ്റസമ്മതം നടത്തി.