കാന്‍ബറ: ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു മുമ്പ് ഓസീസ് ടീമിന് മുന്നറിയിപ്പുമായി മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ. 

സ്ലെഡ്ജിങ് എന്നത് വിരാട് കോലിക്കും ടീമിനുമെതിരേ ഫലപ്രദമാകില്ലെന്നും വാക്കുകള്‍ കൊണ്ടുള്ള ഏറ്റുമുട്ടല്‍ ഒരുപക്ഷേ ഓസീസിന് തന്നെ തിരിച്ചടിയാകുമെന്നും വോ മുന്നറിയിപ്പ് നല്‍കി. ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് വോ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 

''സ്ലെഡ്ജിങ് ഒന്നും കോലിയെ ബാധിക്കാന്‍ പോകുന്നില്ല. അതൊന്നും മികച്ച കളിക്കാരെ ബാധിക്കില്ല. അത്തരക്കാരെ വെറുതെ വിടുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. കൂടുതല്‍ പ്രചോദനം ലഭിച്ചാല്‍ അത് അവര്‍ കൂടുതല്‍ റണ്‍സ് നേടുന്നതിലേക്ക് നയിക്കും. അതിനാല്‍ തന്നെ ഇവരോട് കൂടുതല്‍ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.'' - വോ പറഞ്ഞു. 

2016-17ലെ ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ സ്റ്റീവ് സ്മിത്തിന്റെ പ്രകടനം കോലിയുടെ മനസിലുണ്ടാകുമെന്നും അതിനാല്‍ തന്നെ നടക്കാനിരിക്കുന്ന പരമ്പരയില്‍ സ്മിത്തിനെ മറികടന്ന് കൂടുതല്‍ റണ്‍സ് കണ്ടെത്തുകയാകും കോലിയുടെ ലക്ഷ്യമെന്നും വോ ചൂണ്ടിക്കാട്ടി. 

''കോലി ലോകോത്തര താരമാണ്. പരമ്പരയിലെ മികച്ച ബാറ്റ്‌സ്മാന്‍ ആകുകതന്നെയാകും കോലിയുടെ ലക്ഷ്യം. കഴിഞ്ഞ തവണ കോലിയും സ്മിത്തും മുഖാമുഖം വന്നപ്പോള്‍ മൂന്നു സെഞ്ചുറികളുമായി സ്മിത്തിനായിരുന്നു ആധിപത്യം. കോലിക്കാകട്ടെ അധികം റണ്‍സ് നേടാന്‍ സാധിച്ചതുമില്ല.'' - വോ പറഞ്ഞു. 

2018-19 പരമ്പരയില്‍ ഓസീസിനെ 2-1 ന് പരാജയപ്പെടുത്തി ബോര്‍ഡര്‍ - ഗാവസ്‌ക്കര്‍ ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. അന്ന് ഏകദിന പരമ്പരയും (2-1) സ്വന്തമാക്കിയ ഇന്ത്യ, ട്വന്റി 20 പരമ്പര 1-1ന് സമനിലയിലാക്കുകയും ചെയ്തിരുന്നു.

ഇത്തവണ നവംബര്‍ 27 മുതല്‍ ജനുവരി 19 വരെ നീണ്ടുനില്‍ക്കുന്ന ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ നാല് ടെസ്റ്റും മൂന്നു വീതം ഏകദിനങ്ങളും ട്വന്റി 20 മത്സരങ്ങളുമാണുള്ളത്.

Content Highlights: Sledging is not going to worry Virat Kohli s team Steve Waugh warns Australian team