മെല്‍ബണ്‍: പ്രബലരായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഐ.സി.സി. റാങ്കിങ്ങില്‍ ആറാം സ്ഥാനത്തേക്ക് (102 പോയന്റ്) പിന്തള്ളപ്പെട്ടു. 34 വര്‍ഷത്തിനിടെ അവരുടെ ഏറ്റവും മോശം റാങ്കാണിത്.

ഇംഗ്ലണ്ടിനോട് ആദ്യ രണ്ട് ഏകദിനത്തിലും പരാജയപ്പെട്ടതോടെ അവര്‍ ആറിലേക്ക് വഴുതിവീഴുകയായിരുന്നു. രണ്ടുവര്‍ഷംമുമ്പ് ലോക ഒന്നാം നമ്പറായിരുന്ന ഓസീസിന്റെ അപ്രതീക്ഷിത വീഴ്ചയാണിത്.

അഞ്ചുവട്ടം ലോകചാമ്പ്യന്മാരായി ചരിത്രം സൃഷ്ടിച്ച ഓസീസ് സമീപകാലത്തെ 15 കളികളില്‍ 13 എണ്ണത്തിലും തോല്‍വിവഴങ്ങി. ദക്ഷിണാഫ്രിക്കയോടുള്ള ഏകപക്ഷീയ തോല്‍വിയും (5-0) ഇംഗ്ലണ്ടിനോടേറ്റ രണ്ടു തോല്‍വിയും ഇതില്‍പ്പെടും.

റാങ്കിങ്ങില്‍ ഇംഗ്ലണ്ടാണ് ഒന്നാമത് (124 പോയന്റ്). ഇന്ത്യ രണ്ടാമതും (122 പോയന്റ്).