പാകിസ്താന്‍ ടീമില്‍ ഇനി അധികകാലമൊന്നും മിസ്ബാ ഉൽ ഹഖിന് സ്ഥാനമുണ്ടാകില്ല. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം മിസ്ബയോട് പാക് ക്രിക്കറ്റ് ബോള്‍ഡ് വിരമിക്കാന്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. എന്നാല്‍ ഇപ്പോഴും ബാറ്റു കൊണ്ട് വിസ്മയപ്രകടനം നടത്തുകയാണ് മിസ്ബ.
ഹോങ്കോങ് ടിട്വന്റി ടൂര്‍ണമെന്റില്‍ നേരിട്ട തുടര്‍ച്ചയായ ആറു പന്തും സിക്‌സിനു പറത്തിയാണ് മിസ്ബ ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ചത്. ഹോങ്കോങ് ഐലന്‍ഡ് യുണൈറ്റഡിന് വേണ്ടിയിരുന്നു മിസ്ബാ ഉല്‍ ഹഖിന്റെ പ്രകടനം.
18.4 ഓവറില്‍ ആറു വിക്കറ്റിന് 175 എന്ന നിലയിലായുരുന്നു മിസ്ബയുടെ ടീം. 19ാം ഓവറിലെ അവസാന രണ്ടു പന്ത് ആദ്യം പാക് താരം ഗാലറിക്ക് മുകളിലൂടെ പായിച്ചു. തുടര്‍ന്ന് 20ാം ഓവറിലെ രണ്ടാം പന്തില്‍ വീണ്ടും സ്‌ട്രൈക്ക് കിട്ടിയപ്പോള്‍ ആദ്യ നാല് പന്തുകളിലും മിസ്ബാഹ് സിക്‌സടിച്ചു. ആഷ്‌ലി കാഡിയായിരുന്നു ബൗളര്‍. ആ ഓവറില്‍ ബാക്കിയുള്ള ഒരു പന്തില്‍ മിസ്ബാഹ് ഫോറും നേടി.
37 പന്തില്‍ പുറത്താകാതെ നിന്ന് 82 റണ്‍സടിച്ച മിസ്ബയുടെ കരുത്തില്‍ ഹോങ്കോങ് ഐലന്‍ഡ് യുണൈറ്റഡ് 216 റണ്‍സ് നേടി. ഏഴു സിക്‌സും നാലു ഫോറും മിസബയുടെ ബാറ്റില്‍ നിന്ന് പിറന്നു. എന്നാല്‍ എതിരാളകിള്‍ 183 റണ്‍സിലൊതുങ്ങിയപ്പോള്‍ ഹോങ്കോങ് ഐലന്‍ഡ് 33 റണ്‍സിന് വിജയിക്കുകയും ചെയ്തു. പാക് ടീമിലെ സ്ഥാനം വെല്ലുവിളിയായി നില്‍ക്കുന്ന സമയത്ത് 42കാരനായ മിസ്ബാഹുല്‍ ഹഖിന് ഈ പ്രകടനം ആശ്വാസം പകരും.