ന്യൂഡല്‍ഹി: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര വിജയിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. 2021-22 ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് മന്ത്രി ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് സംസാരിച്ചത്.

'ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ രാജ്യം ഒന്നടങ്കം സന്തോഷത്തിലാണ്. ഈ രാജ്യത്തെ ജനങ്ങള്‍ എന്ന നിലയില്‍ നമ്മളുടെ വലിയ നേട്ടങ്ങളില്‍ ഒന്നുമാത്രമാണിത്. നമ്മുടെ യുവജനതയ്ക്ക് ഇതിലും വലിയ നേട്ടങ്ങള്‍ കൈവരിക്കാനുള്ള പ്രാപ്തിയുണ്ട്. അതിനായി എല്ലാവരും ശ്രമിക്കും. ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍'-നിര്‍മല സീതാരാമന്‍ പറഞ്ഞു.

മന്ത്രിയുടെ വരികള്‍ വലിയ ആവേശത്തോടെയാണ് സഭ ഏറ്റെടുത്തത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കീ ബാത്തിലൂടെ ഇന്ത്യയുടെ വിജയത്തെക്കുറിച്ച് സംസാരിച്ചിരുന്നു. 'ഈ മാസം ക്രിക്കറ്റ് പിച്ചില്‍ നിന്നും നമുക്ക് വലിയൊരു സന്തോഷ വാര്‍ത്ത ലഭിച്ചു. ആദ്യം ലഭിച്ച തിരിച്ചടിയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെച്ച് ഓസിസിനെതിരായ പരമ്പര സ്വന്തമാക്കി. നമ്മുടെ ടീമിന്റെ ഒത്തൊരുമയും കഠിനാധ്വാനവും ഏവരെയും പ്രചോദിപ്പിക്കുന്നതാണ്' -മോദി പറഞ്ഞു.

നാല് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യ പിന്നീടുള്ള മത്സരങ്ങളില്‍ മികച്ച കളി പുറത്തെടുത്ത് പരമ്പര സ്വന്തമാക്കുകയായിരുന്നു.

Content Highlights: Sitharaman lauds Team India's historic win in Australia during budget speech