-
മെൽബൺ: ക്രിക്കറ്റിലെ ഏറ്റവും മികച്ച അമ്പയർമാരുടെ പട്ടികയെടുത്താൽ അതിൽ മുൻനിരയിൽ തന്നെയാകും സൈമൺ ടൗഫലെന്ന ഓസീസ് അമ്പയറുടെ സ്ഥാനം. 2004 മുതൽ 2008 വരെ തുടർച്ചയായി ഐ.സി.സിയുടെ അമ്പയർ ഓഫ് ദി ഇയർ പുരസ്കാരം നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം.
കരിയറിൽ തെറ്റായ തീരുമാനങ്ങളുടെ പേരിൽ അധികമൊന്നും പഴികേൾക്കേണ്ടി വന്നിട്ടില്ലാത്ത അമ്പയർ കൂടിയാണ് അദ്ദേഹം. എന്നാൽ ഇന്ത്യൻ താരം സച്ചിൻ തെണ്ടുൽക്കറുടെ കാര്യത്തിൽ തനിക്ക് ഒന്നിലേറെ തവണ തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൈമൺ ടൗഫൽ.
22 യാർഡ്സ് എന്ന പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ടൗഫൽ ഒരിക്കൽ സച്ചിനെ തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയതിനെ കുറിച്ചും പിറ്റേ ദിവസം സച്ചിനോട് അതിനെ കുറിച്ച് സംസാരിച്ചതിനെ കുറിച്ചും തുറന്നുപറഞ്ഞത്.
2007-ൽ ഇംഗ്ലണ്ടിനെതിരായ ട്രെൻഡ് ബ്രിഡ്ജ് ടെസ്റ്റിൽ 91-ൽ നിൽക്കെ ടൗഫലിന്റെ തെറ്റായ തീരുമാനത്തിൽ സച്ചിൻ പുറത്തായിരുന്നു. പോൾ കോളിങ്വുഡിന്റെ പന്ത് ഷോൾഡർ ആം (പുറത്താകാതിരിക്കാൻ വേണ്ടി ഷോട്ടിന് ശ്രമിക്കാതെ ബാറ്റുയർത്തുക) ചെയ്ത സച്ചിനെതിരേ ഇംഗ്ലണ്ട് താരങ്ങൾ അപ്പീൽ ചെയ്തു. പാഡിൽ തട്ടിയ പന്തിൽ ടൗഫൽ ഒട്ട് അനുവദിക്കുകയും ചെയ്തു. വിശ്വസിക്കാനാകാതെ സച്ചിൻ കുറച്ച് നേരം ക്രീസിൽ തന്നെ നിന്ന ശേഷമാണ് ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചുനടന്നത്.
ബൗളർക്ക് സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് താൻ അന്ന് ഔട്ട് വിധിച്ചതെന്ന് ടൗഫൽ പറഞ്ഞു. പക്ഷേ റീപ്ലേയിൽ പന്ത് ഓഫ് സ്റ്റമ്പിന് പുറത്തു പോകുമെന്ന് വ്യക്തമായിരുന്നു. അന്ന് നിരാശ മറച്ചുവെക്കാതെ അൽപ നേരം ക്രീസിൽ നിന്ന ശേഷമാണ് സച്ചിൻ ഗ്രൗണ്ട് വിട്ടതെന്നും സച്ചിന്റെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള പ്രതികരണം അസാധാരണമായിരുന്നുവെന്നും ടൗഫൽ വ്യക്തമാക്കി.
ഇക്കാരണത്താൽ ക്രിക്കറ്റ് ലോകത്തിന്റെ പ്രതികരണം എതിരാകുമെന്ന് അറിയാമായിരുന്നു. അതിനാൽ തന്നെ അടുത്ത ദിവസത്തെ പത്രങ്ങളോ മറ്റു മാധ്യമങ്ങളോ ഒന്നും താൻ മനഃപ്പൂർവ്വം നോക്കിയില്ലെന്നും ടൗഫൽ വെളിപ്പെടുത്തി.
എന്നാൽ അടുത്ത ദിവസം മൈതാനത്ത് വെച്ച് കണ്ടപ്പോൾ സച്ചിന്റെ പ്രതികരണം അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. തൊട്ടടുത്ത ദിവസം രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് മൈതാനത്ത് വെച്ച് സച്ചിനെ കണ്ടത്. കഴിഞ്ഞ ദിവസത്തെ തീരുമാനം തെറ്റായിരുന്നുവെന്ന് ടൗഫൽ സച്ചിനോട് പറഞ്ഞു. 'എനിക്ക് അറിയാം സൈമൺ. നിങ്ങളൊരു നല്ല അമ്പയറാണ്. നിങ്ങൾക്ക് അധികം പിഴവുകൾ സംഭവിക്കില്ല. പ്രശ്നമൊന്നുമില്ല. അതിനെ കുറിച്ച് വേവലാതിപ്പെടേണ്ട.' - എന്നായിരുന്നു സച്ചിന്റെ മറുപടിയെന്നും ടൗഫൽ വ്യക്തമാക്കി.
എന്നാൽ ഒരിക്കൽ ഔട്ടായിട്ടും സച്ചിനെതിരേ ഔട്ട് വിളിക്കാത്ത അവസരത്തെ കുറിച്ചും ടൗഫൽ പറഞ്ഞു. 2005-ൽ ശ്രീലങ്കയ്ക്കെതിരായ ഡൽഹി ടെസ്റ്റിലായിരുന്നു അത്. അന്ന് സച്ചിനെതിരേ എൽ.ബി.ഡബ്ല്യു അപ്പീൽ വന്നപ്പോൾ അനുവദിച്ചില്ല. എന്നാൽ അത് ഔട്ടായിരുന്നു. ആ മത്സരത്തിൽ സച്ചിൻ സെഞ്ചുറി നേടുകയും ചെയ്തു. അന്ന് തന്റെ തീരുമാനത്തെ തുടർന്ന് സച്ചിന് സെഞ്ചുറി നേടാനായത് ആരും ഓർക്കില്ലെന്നും മറിച്ച് 91-ൽ നിൽക്കെ സച്ചിനെ പുറത്താക്കിയതാകും എല്ലാവർക്കും ഓർമ വരികയെന്നും ടൗഫൽ കൂട്ടിച്ചേർത്തു.
Content Highlights: Simon Taufel recalls chat with Sachin Tendulkar regarding a wrong umpiring decision
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..