ഓക്ക്‌ലന്‍ഡ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കവര്‍ ഡ്രൈവുകളും സൈഡ് ഫ്‌ളിക്കുകളും ഏറെ പ്രത്യേകത നിറഞ്ഞവയാണ്. കൈക്കുഴയുടെ വഴക്കം ഷോട്ടില്‍ പ്രതിഫലിപ്പിക്കുന്ന കോലിയുടെ ചില ഷോട്ടുകള്‍ കണ്ടിരിക്കാന്‍ തന്നെ മനോഹരമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്റെ ഈ ബാറ്റിങ് ശൈലി അനുകരിച്ച് മറ്റൊരു ഇന്ത്യന്‍ താരം കൂടി കളത്തിലിറങ്ങിയിട്ടുണ്ട്. മറ്റാരുമല്ല, അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലാണ് ആ താരം.

കൗമാര ലോകകപ്പില്‍ ഇതുവരെ മികച്ച പ്രകടനമാണ് ഗില്‍ പുറത്തെടുത്തത്. കോലിയുടെ പ്രശസ്തമായ 'ഷോട്ട് ആം ജാബ്' ഷോട്ട് അതേ രീതിയില്‍ ഗില്‍ കളിച്ചപ്പോഴാണ് എല്ലാവരും അമ്പരന്നത്. നെഞ്ചിന് നേരെ വരുന്ന ബൗണ്‍സര്‍ ഡീപ് മിഡ്‌വിക്കറ്റിലൂടെ സിക്‌സിലേക്ക് പറത്തുന്ന ഷോട്ടാണ് ഷോട്ട് ആം ജാബ്. ഇംഗ്ലീഷ് ബൗളര്‍ ക്രി്‌സ വോക്‌സിന്റെ പന്തിലായിരുന്നു കോലി ഈ ഷോട്ടിലൂടെ സിക്‌സടിച്ചത്. കൗമാര ലോകകപ്പില്‍ സിംബാബ്‌വെക്കെതിരായ മത്സരത്തില്‍ ഗില്‍ ആ ഷോട്ട് തന്നെ പുറത്തെടുത്തു.

സിംബാബ്‌വെക്കെതിരെ ഓപ്പണറായ ഗില്‍ 59 പന്തില്‍ 90 റണ്‍സാണ് നേടിയത്. 14 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ആ ഇന്നിങ്‌സ്. ഗില്ലിന്റെ ഷോട്ടുകളുടെ മനോഹാരിത കമന്റേറ്റര്‍മാര്‍ പ്രശംസിക്കുകയും ചെയ്തു. ഇന്ത്യയുടെ പോരാളി എന്നാണ് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി, ഗില്ലിനെ വിശേഷിപ്പിച്ചത്. 

ഓസ്‌ട്രേലിയക്കെതിരെ 54 പന്തില്‍ 63 റണ്‍സടിച്ച ഗില്ലിന്റെ റോള്‍ മോഡല്‍ കോലി തന്നെയാണ്. ഇന്ത്യയുടെ മികച്ച ബാറ്റ്‌സ്മാനാകുന്നതിനൊപ്പം ദേശീയ ടീമിനെ നയിക്കണമെന്നുമാണ് ഗില്ലിന്റെ സ്വപ്നം.