മുംബൈ: വിന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഏതെങ്കിലുമൊരു ടീമില്‍ ശുഭ്മാന്‍ ഗില്‍ ഇടംപിടിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ടീം പ്രഖ്യാപിച്ചപ്പോള്‍ ഗില്ലിന് മൂന്നുടീമിലും ഇടംകിട്ടിയില്ല. ടീം സെലക്ഷന് അറിഞ്ഞപ്പോള്‍ വല്ലാതെ നിരാശ തോന്നിയെന്ന് ശുഭ്മാന്‍ ഗില്‍ തുറന്നുപറഞ്ഞു. കെ.എല്‍ രാഹുലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഈ വര്‍ഷം നടന്ന ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തില്‍ ഗില്‍ അരങ്ങേറിയിരുന്നു.
''ഞായറാഴ്ച ടീം പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു. ടീമിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. ഇടം കിട്ടാതെ വന്നപ്പോള്‍ നിരാശ തോന്നി. പക്ഷേ, അതിനെക്കുറിച്ച് ഇനി ചിന്തിക്കാന്‍വയ്യ. എന്റെ കഴിവിന്റെ പരാമാവധിയുള്ള പ്രകടനം കാഴ്ചവെച്ച് സെലക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുക എന്നതുമാത്രമാണ് മനസ്സിലുള്ളത്''-ഗില്‍ പറഞ്ഞു.
ഐ.പി.എല്ലില്‍ എമേര്‍ജിങ് പ്ലെയര്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയിരുന്ന ഗില്‍ വിന്‍ഡീസ് എ ടീമിനെതിരേയുള്ള പരമ്പരയിലും തിളങ്ങിയിരുന്നു. നാലു കളിയില്‍നിന്ന് 218 റണ്‍സെടുത്ത് ഇന്ത്യ എ ടീമിന്റെ ടോപ് സ്കോററായി. ഇതില്‍ മൂന്ന് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു.
കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ പഞ്ചാബിനായി അഞ്ച് മത്സരങ്ങളില്‍ നിന്ന് 700 റണ്‍സിന് മുകളില്‍ സ്കോര്‍ യുവതാരം നേടിയിരുന്നു. 268 റണ്‍സുമായി തരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോറും പഞ്ചാബ് താരം സ്വന്തമാക്കി. ഫസ്റ്റ് ക്ലാസില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഗില്ലിന്റെ അക്കൗണ്ടില്‍ 1089 റണ്‍സുണ്ട്. ഇതില്‍ മൂന്നു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടും.
Content Highlights: Shubman Gill exclusion India vs West Indies series
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..