Photo by Ryan Pierse| Getty Images
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഞെട്ടിക്കുന്ന തോല്‍വിയില്‍നിന്ന് കരകയറാന്‍ ഇന്ത്യന്‍ ടീം അടിമുടി മാറും. ഡിസംബര്‍ 26-ന് തുടങ്ങുന്ന രണ്ടാം ടെസ്റ്റില്‍ അഞ്ചു മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അവധി ആവശ്യപ്പെട്ടിരുന്ന ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യയിലേക്ക് തിരിച്ചു. ഒന്നാം ടെസ്റ്റിനിടെ പരിക്കേറ്റ മുഹമ്മദ് ഷമിക്ക് ഈ പരമ്പരയില്‍ കളിക്കാനാകില്ല.
ഇതിനൊപ്പം ഓപ്പണര്‍ പൃഥ്വി ഷാ, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, ഹനുമ വിഹാരി എന്നിവര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്/നവ്ദീപ് സെയ്നി എന്നിവരായിരിക്കും പകരം എത്തുക. ക്യാപ്റ്റന്‍ സ്ഥാനം അജിന്‍ക്യ രഹാനെ ഏറ്റെടുക്കും. ഓപ്പണര്‍ രോഹിത് ശര്‍മ ഓസ്‌ട്രേലിയയില്‍ എത്തിയെങ്കിലും ഇപ്പോള്‍ ക്വാറന്റൈനിലാണ്. ജനുവരി ഏഴിന് തുടങ്ങുന്ന മൂന്നാം ടെസ്റ്റില്‍ രോഹിത് കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഓപ്പണ്‍ ചെയ്യാന്‍ രാഹുല്‍
നേരത്തേ ടെസ്റ്റ് ഓപ്പണറായിരുന്ന കെ.എല്‍. രാഹുലിനെ ഓപ്പണറാക്കണമെന്ന അഭിപ്രായം ശക്തമാണ്. ഒപ്പം മായങ്ക് അഗര്‍വാളും ചേരുമ്പോള്‍ രണ്ട് കര്‍ണാടക ബാറ്റ്സ്മാന്‍മാരുടെ ചേരുവയാകും ഓപ്പണിങ്ങില്‍. പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലുള്ള രാഹുല്‍ ഇക്കഴിഞ്ഞ ഐ.പി.എലില്‍ ടോപ് സ്‌കോറര്‍ ആയിരുന്നു. ഓസ്ട്രേലിയക്കെതിരായ ഏകദിന, ട്വന്റി 20 മത്സരങ്ങളിലും മോശമായില്ല. രാഹുല്‍ ഓപ്പണിങ്ങിലെത്തുമ്പോള്‍ യുവതാരം ശുഭ്മാന്‍ ഗില്‍ വിരാട് കോലിയുടെ നാലാംസ്ഥാനത്തേക്ക് വരുമെന്നാണ് കണക്കുകൂട്ടല്‍.
വിക്കറ്റ് കീപ്പറായി, വൃദ്ധിമാന്‍ സാഹയ്ക്കുപകരം ഋഷഭ് പന്ത് എത്തുന്നതോടെ മധ്യനിരയില്‍ ആക്രമിച്ചുകളിക്കുന്ന ഒരാളായി. കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തിലെ സിഡ്നി ടെസ്റ്റില്‍ ഋഷഭ് സെഞ്ചുറി (159*) നേടിയിരുന്നു.
ഓള്‍റൗണ്ടറായി ജഡേജ
ഹനുമ വിഹാരിക്ക് പകരം രവീന്ദ്ര ജഡേജ എത്തും. കുറച്ചുകാലമായി എല്ലാ ഫോര്‍മാറ്റിലും വിശ്വസ്തനായ ഓള്‍റൗണ്ടറാണ് ജഡേജ. ഒന്നാം ട്വന്റി 20 മത്സരത്തിനിടെ പരിക്കേറ്റതുകൊണ്ടാണ് ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്നത്. ജഡേജ വരുന്നതോടെ സ്പിന്‍ വിഭാഗത്തില്‍ അശ്വിന് കൂട്ടാകും. ഇതോടെ, മൂന്ന് പേസര്‍മാര്‍ അടക്കം അഞ്ച് ബൗളര്‍മാരാകും. മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജോ നവ്ദീപ് സെയ്നിയോ എത്തും. സെയ്നിയേക്കാള്‍ സാധ്യതയുണ്ട് സിറാജിന്.
Content Highlights: Shubhman Gill Ravindra Jadeja KL Rahul Rishabh Pant set for Boxing Day Test
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..