കാണ്‍പുര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ശ്രേയസ് അയ്യര്‍ അരങ്ങേറും. മത്സരത്തിന് മുന്നോടിയായി ബുധനാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് ഇക്കാര്യം ഇറിയിച്ചത്.

രോഹിത് ശര്‍മ, വിരാട് കോലി, ഋഷഭ് പന്ത് എന്നിവര്‍ക്ക് ടീം വിശ്രമം അനുവദിച്ചതോടെയാണ് ശ്രേയസിന് അരങ്ങേറ്റത്തിനുള്ള വഴിതെളിഞ്ഞത്. സൂര്യകുമാര്‍ യാദവോ ശ്രേയസ് അയ്യരോ ഇന്ത്യയ്ക്കായി അരങ്ങേറുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നാളെ കാണ്‍പുരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തിലാണ് രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം. 

അതേസമയം, പരിക്ക് കാരണം കെ. എല്‍ രാഹുല്‍ പരമ്പരയില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ ശുഭ്മാന്‍ ഗില്‍ മായങ്ക് അഗര്‍വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും.

2017-ല്‍ ഇന്ത്യയ്ക്കായി അരങ്ങേറിയ ശ്രേയസിനെ തേടി നാലു വര്‍ഷം കഴിഞ്ഞാണ് ടെസ്റ്റിലേക്കുള്ള ആദ്യത്തെ വിളിയെത്തുന്നത്.

മുംബൈക്കായി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ് അയ്യര്‍. 54 മത്സരങ്ങളില്‍ നിന്ന് 4592 റണ്‍സ് അയ്യര്‍ മുംബൈക്കായി നേടിയിട്ടുണ്ട്. 52.18 റണ്‍സ് ശരാശരിയിലായിരുന്നു അയ്യരുടെ സ്‌കോറിങ്. 12 ഫസ്റ്റ് ക്ലാസ് സെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Content Highlights: shreyas iyer to make test debut against new zealand in kanpur