ബെംഗളൂരു: സ്ഥിരതയാര്‍ന്ന പ്രകടം നടത്തിയിട്ടും സീനിയര്‍ ടീമിലേക്ക് തിരഞ്ഞെടുക്കാത്തത് തന്റെ പ്രകടനത്തെ ബാധിക്കുന്നതായി ഇന്ത്യ എ ടീം നായകന് ശ്രേയസ് അയ്യര്‍.
ടീമിലേക്കുള്ള വിളിക്കായി ക്ഷമയോടെ കാത്തിരിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ശ്രേയസ് അയ്യര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥിരതയോടെ കളിക്കുകയും മികച്ച സ്കോറുകള്‍ നേടുകയും ചെയ്തിട്ടും സീനിയര്‍ ടീമില്‍ ഇടംകിട്ടാത്തത് മനസ് മടുപ്പിക്കുന്ന കാര്യമാണെന്നും അയ്യര്‍ ചൂണ്ടിക്കാട്ടി.
''മികച്ച ബൗളിങ് നിരയെ നേരിടുമ്പോഴാണ് നമ്മുടെ കളി കൂടുതല്‍ മെച്ചപ്പെടുന്നത്. അതുകൊണ്ടുതന്നെ പൂര്‍ണശ്രദ്ധ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. എന്നാലത് ഞാന്‍ നേരത്തെ പറഞ്ഞതുപോലെ സാധിക്കാതെ പോകുകയാണ്'', അയ്യര്‍ ബെംഗളൂരുവില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിര പ്രതീക്ഷക്കൊത്ത് ഉയരാത്ത സാഹചര്യത്തിലാണ് ശ്രേയസ് അയ്യരുടെ വാക്കുകളെന്നത് ശ്രദ്ധേയമാണ്.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന അയ്യര്‍ക്ക് ഇതുവരെ ഇന്ത്യന്‍ ഏകദിന, ടിട്വന്റി ടീമുകളില്‍ മാത്രമാണ് അവസരം ലഭിച്ചിട്ടുള്ളത്. ഈ വര്‍ഷം ഫെബ്രുരിയില്‍ നടന്ന ദക്ഷിണാഫ്രിക്കയില്‍ പര്യടനത്തിലാണ് അയ്യര്‍ക്ക് അവസാനമായി ടീമിലിടം കിട്ടിയത്.
കഴിഞ്ഞ വര്‍ഷം ന്യൂസീലന്‍ഡ് എക്കെതിരായ പരമ്പരയില്‍ ഇന്ത്യ എ ടീമിനായി ഒരു സെഞ്ചുറിയടക്കം (108) അയ്യര്‍ 317 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയതിനാല്‍ മൂന്നു വര്‍ഷം മുന്‍പു തന്നെ അയ്യര്‍ക്ക് ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ നായകസ്ഥാനത്തെത്താനും അയ്യര്‍ക്കായി.
ക്യാപ്റ്റന്‍സി റോള്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നതായും പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അത് സഹായിക്കുന്നതായും അയ്യര്‍ പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അയ്യരുടെ നേതൃത്വത്തിലാണ് ഇന്ത്യ എ ടീം ഇറങ്ങിയത്. പരമ്പര 1-0 ന് ഇന്ത്യ എ നേടുകയും ചെയ്തു.
Content Highlights: shreyas iyer says not getting picked for senior indian team affects his performance
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..