പുണെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റിനിടെ പരിക്കേറ്റ ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്‍ ശ്രേയസ് അയ്യര്‍ക്ക് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാകില്ല. ഐ.പി.എലിന്റെ തുടക്കത്തിലെ മത്സരങ്ങളും നഷ്ടപ്പെട്ടേക്കും.

ഇംഗ്ലണ്ട് ഇന്നിങ്സിന്റെ എട്ടാം ഓവറില്‍ ജോണി ബെയര്‍‌സ്റ്റോയുടെ ഷോട്ട് തടയാനായി ഡൈവ് ചെയ്തപ്പോഴാണ് ശ്രേയസിന്റെ ചുമലിന് പരിക്കേറ്റത്. തുടര്‍ന്ന് ഫീല്‍ഡ് ചെയ്തില്ല. ഒന്നാം ഏകദിനത്തില്‍ ബാറ്റുചെയ്യുന്നതിനിടെ ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കും പരിക്കേറ്റിരുന്നു. ഇതോടെ വെള്ളിയാഴ്ച രണ്ടാം ഏകദിനത്തിനുള്ള ടീമില്‍ മാറ്റങ്ങളുണ്ടാകും. വ്യാഴാഴ്ച ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമേ രോഹിതിന്റെ കാര്യത്തില്‍ അന്തിമതീരുമാനം എടുക്കൂ.

രോഹിതിന് കളിക്കാന്‍ കഴിയാതെവന്നാല്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് കെ.എല്‍. രാഹുലിനെ കൊണ്ടുവന്ന് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെ മധ്യനിരയില്‍ ഇറക്കാനാണ് കൂടുതല്‍ സാധ്യത. ഓപ്പണിങ്ങിലേക്ക് ശുഭ്മാന്‍ ഗില്ലിനെയും പരിഗണിച്ചേക്കും. ശ്രേയസിന് പകരം സൂര്യകുമാര്‍ യാദവിനാകും പ്രധാന പരിഗണന.

ഐ.പി.എലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനാണ് ശ്രേയസ്. കാര്യമുള്ള പരിക്ക് ആയതിനാല്‍ കുറഞ്ഞത് ആറാഴ്ചയോളം വിശ്രമം വേണ്ടിവരും. ഐ.പി.എല്‍. ടൂര്‍ണമെന്റ് ഏപ്രില്‍ ഒമ്പതിന് തുടങ്ങും.

Content Highlights: Shreyas Iyer out of England ODIs likely to miss IPL first half too