തിരുവനന്തപുരം: മികച്ചൊരു ക്രിക്കറ്ററാകാനായിരുന്നു തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ റോജര്‍ ഫെര്‍ണാണ്ടസിന്റെ ആഗ്രഹം. സാഹചര്യം റോജറിനെ യു.എ.ഇ.യിലെത്തിച്ചു. ക്ലബ്ബ് ക്രിക്കറ്റില്‍ കളിച്ചെങ്കിലും മുന്നോട്ടുപോകാനായില്ല, ബിസിനസുകാരനായി. നാട്ടിലെത്തി വെട്ടുകാട് സെന്റ് മേരീസ് സ്പോര്‍ട്സ് ക്ലബ്ബില്‍ ക്രിക്കറ്റ് ടീമിന് രൂപംനല്‍കി. ഒടുവില്‍, മകന്‍ ഷോണിലൂടെ റോജര്‍ തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയിരിക്കുന്നു. അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ഷോണ്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ റോജര്‍ സന്തോഷംകൊണ്ട് കണ്ണീര്‍ വാര്‍ത്തു. ഒപ്പം, തലസ്ഥാനത്തിനും ഇത് അഭിമാന നിമിഷം. സഞ്ജു വി.സാംസണിനു ശേഷം മറ്റൊരു താരംകൂടി ദേശീയ നിരയിലേക്ക്.

കൊല്‍ക്കത്തയില്‍ 28-ന് ആരംഭിക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് ഷോണ്‍ ഇന്ത്യയുടെ 'ബി' ടീമില്‍ അംഗമായത്. ഇന്ത്യ അണ്ടര്‍-19 എ ടീം, ബംഗ്ലാദേശ് ടീം എന്നിവരുമായാണ് മത്സരം. ചൊവ്വാഴ്ച ബി.സി.സി.ഐ.യില്‍നിന്നും ഫോണില്‍ വിവരം അറിയിച്ചതു മുതല്‍ ബയോബബിള്‍ അടിസ്ഥാനത്തില്‍ തീവ്രപരിശീലനത്തിലാണ് ഷോണ്‍. 

23-ന് കൊല്‍ക്കത്തയിലേക്കു പുറപ്പെടും. വെള്ളിയാഴ്ചയാണ് ഔദ്യോഗിക ടീം പ്രഖ്യാപനം ഉണ്ടായത്. അണ്ടര്‍-19 കേരള ടീമിനായി വിനു മങ്കാദ് ട്രോഫിയില്‍ നടത്തിയ മികച്ച പ്രകടനമാണ് ഷോണിനെ ദേശീയ ക്യാമ്പിലെത്തിച്ചത്. ബറോഡയ്ക്കെതിരേ 121 റണ്‍സ് സ്‌കോര്‍ ചെയ്ത ഷോണ്‍ ടൂര്‍ണമെന്റിലെ ചാമ്പ്യന്മാരായ ഹരിയാണയ്ക്കെതിരേ 58 റണ്‍സും എടുത്തു. തൊട്ടുപിന്നാലെ അരങ്ങേറിയ ഇന്ത്യ ചലഞ്ചര്‍ സീരീസില്‍ അണ്ടര്‍ 19 ഏകദിന ടൂര്‍ണമെന്റിലും ഷോണ്‍ തിളങ്ങി.

shoun roger in indian u-19 team fullfilled his father dream
ഷോണ്‍ റോജര്‍ അമ്മ പെട്രീഷ്യ, അച്ഛന്‍ റോജര്‍ ഫെര്‍ണാണ്ടസ്, സഹോദരി ഷാരോണ്‍ എന്നിവര്‍ക്കൊപ്പം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ സായ് ക്രിക്കറ്റ് കോച്ചിങ് സെന്ററില്‍ ദേശീയ കോച്ചായ ബിജു ജോര്‍ജിന്റെ കീഴിലാണ് എട്ടുവര്‍ഷമായി ഷോണ്‍ റോജര്‍ പരിശീലനം നേടുന്നത്. യു.എ.ഇ.യിലെ വിക്ടോറിയ ക്രിക്കറ്റ് അക്കാദമിയിലും ഡെസേര്‍ട്ട് കബ്സിലും കളിച്ചിട്ടുണ്ട്. യു.എ.ഇ. അണ്ടര്‍-16 ദേശീയ ടീമിലും ഇടംനേടിയിരുന്നു. 

2017-ല്‍ ആലപ്പുഴയ്ക്കെതിരേ തിരുവനന്തപുരത്തിനായി ജില്ലാ മാച്ചില്‍ ഇരട്ട സെഞ്ചുറി കരസ്ഥമാക്കി. അവിടം മുതല്‍ ഷോണ്‍ കേരള ടീമിലെ സ്ഥിരം സാന്നിധ്യമായി. അണ്ടര്‍-16, 19 തലത്തില്‍ കേരളത്തിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും ഷോണായിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കോര്‍ണര്‍ സ്റ്റോണ്‍ മാനേജ്മെന്റ് ഗ്രൂപ്പുമായി കരാര്‍ ഒപ്പിടാനായതും നേട്ടമായി.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ടി-20 കേരള പ്രീമിയര്‍ ലീഗില്‍ പ്രോമിസിങ് ബാറ്ററായിരുന്നു ഷോണ്‍ റോജര്‍. മകന്റെ ഓരോ പ്രകടനവും കൃത്യമായി രേഖപ്പെടുത്തി വെക്കുന്ന പതിവുണ്ട് പിതാവായ റോജറിന്. സംസ്ഥാന, ജില്ലാ, പ്രാദേശികം തുടങ്ങിയ വിവിധ മത്സരങ്ങളിലായി 95-ല്‍പ്പരം സെഞ്ചുറികളും 150-നടുത്ത് അര്‍ധ സെഞ്ചുറികളും ഇതുവരെയായി അടിച്ചുകൂട്ടിയിട്ടുണ്ട് ഈ മിടുക്കന്‍. യു.എ.ഇ.യിലെ ഡെസേര്‍ട്ട് കബ്സ് അക്കാദമിക്കായി ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ശ്രീലങ്ക, ദുബായ് എന്നിവിടങ്ങളില്‍ നേടിയ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.

സഞ്ജു എന്റെ മെന്റര്‍

ഏറ്റവും കൂടുതല്‍ ആത്മവിശ്വാസവും പ്രചോദനവും ലഭിക്കുന്നത് പരിശീലകനായ ബിജു സാര്‍, സഞ്ജു ചേട്ടന്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവയില്‍ നിന്നാണ്. വിനു മങ്കാദ് ട്രോഫിയില്‍ ഹരിയാണയ്ക്കെതിരേ അര്‍ധ സെഞ്ചുറി നേടിയത് സഞ്ജു സമ്മാനിച്ച ബാറ്റുകൊണ്ടാണ്. ദേശീയ ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കാമെന്ന് പ്രതീക്ഷിക്കുന്നു. -ഷോണ്‍ റോജര്‍

മികച്ച ഭാവിയുണ്ട്

ഈ ചെറുപ്രായത്തില്‍ ഇത്രയും സ്ഥിരതയോടെ പ്രകടനം നടത്തുന്ന മറ്റൊരു താരമില്ല. നല്ല ടാലന്റും ഉണ്ട്. ഇന്ത്യയുടെ നീലക്കുപ്പായമണിയാനുള്ള എല്ലാ കഴിവും ഷോണ്‍ റോജറിലുണ്ട്.

-ബിജു ജോര്‍ജ്, ദേശീയ പരിശീലകന്‍

Content Highlights: shoun roger in indian u-19 team fullfilled his father dream