തിരുവനന്തപുരം: കേരളത്തില്‍നിന്ന് മറ്റൊരു താരംകൂടി ദേശീയ ക്രിക്കറ്റ് ടീമിലേക്ക്. തിരുവനന്തപുരം ശംഖുംമുഖത്തുനിന്നുള്ള ഷോണ്‍ റോജറാണ് അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാമ്പിലേക്കെത്തുന്നത്. 

കൊല്‍ക്കത്തയില്‍ നവംബര്‍ 23-ന് ആരംഭിക്കുന്ന ദേശീയ ടീം ക്യാമ്പിലേക്ക് ഷോണിനെ തിരഞ്ഞെടുത്തതായി വിവരം ലഭിച്ചു. ബി.സി.സി.ഐ.യില്‍നിന്നുള്ള ഔദ്യോഗികമായ അറിയിപ്പ് കാത്തിരിക്കുകയാണ് കുടുംബാംഗങ്ങള്‍. അണ്ടര്‍ 19 - ഇന്ത്യ എ, ബി, ബംഗ്ലാദേശ് ടീമുകളുടെ ത്രിരാഷ്ട്ര ടൂര്‍ണമെന്റിലേക്കാണ് സെലക്ഷന്‍. ബി ടീമിലേക്കാകും ഷോണിനെ പരിഗണിക്കുക.

കേരളത്തിനുവേണ്ടി അണ്ടര്‍-19 വിനു മങ്കാദ് ട്രോഫിയില്‍ നടത്തിയ പ്രടനമാണ് ദേശീയക്യാമ്പിലെത്തിച്ചത്. മുന്‍നിര ബാറ്ററും വലംകൈ ഓഫ് സ്പിന്നറുമായ ഷോണ്‍ വിനു മങ്കാദ് ടൂര്‍ണമെന്റില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 294 റണ്‍സ് നേടി. ഇന്ത്യാ ചലഞ്ചര്‍ സീരിസില്‍ ബി ടീമിനായി 124 റണ്‍സും നാലു വിക്കറ്റും നേടി.

ശംഖുംമുഖം വെട്ടുകാട് എം.എ. ഭവനില്‍ ആന്റണി റോജറിന്റെയും പെട്രീഷ്യ റോജറിന്റെയും മകനാണ്. ദേശീയ കോച്ചായ ബിജു ജോര്‍ജിന്റെ കീഴിലാണ് എട്ടുവര്‍ഷമായി പരിശീലനം. യു.എ.ഇ.യില്‍ കളിച്ചുതുടങ്ങി. അവിടെ അണ്ടര്‍-16 ദേശീയ ടീം അംഗമായിരുന്നു. കെ.സി.എ. ടി-20 കേരള പ്രീമിയര്‍ ലീഗില്‍ പ്രോമിസിങ് ബാറ്ററായി തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights: Shoun Roger another player from kerala to join national cricket team