പുണെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ തോളിന് പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പരമ്പരയിലെ തുടര്‍ന്നുള്ള മത്സരങ്ങളും ഇനി നടക്കാനിരിക്കുന്ന ഐ.പി.എല്ലും നഷ്ടമായേക്കുമെന്ന് സൂചന. 

താരത്തിന്റെ പരിക്ക് പരിശോധിച്ച് വരികയാണെന്നാണ് ബി.സി.സി.ഐ നല്‍കുന്ന വിവരം. ശ്രേയസിന്റെ തോളിനേറ്റ പരിക്ക് ഗുരുതരമാണ്. അതിനാല്‍ തന്നെ താരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. താരത്തിന്റെ ഇടത്തേ തോളെല്ലിനാണ് പരിക്കേറ്റിരുന്നത്.

ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെ എട്ടാം ഓവറില്‍ ബൗണ്ടറി തടയുന്നതിനായി ശ്രേയസ് ഇടതുവശത്തേക്ക് ഡൈവ് ചെയ്തു. പന്ത് കൃത്യമായി തടഞ്ഞെങ്കിലും  ഇടത്തേ വശത്തേക്ക് വീണ താരത്തിന്റെ തോളെല്ല് ഗ്രൗണ്ടില്‍ കുത്തി.

വേദനകൊണ്ട് പുളഞ്ഞ ശ്രേയസിന് ഉടന്‍ തന്നെ വൈദ്യ സഹായമെത്തിച്ചു. പക്ഷേ അതുകൊണ്ടൊന്നും താരത്തിന്റെ വേദനയ്ക്ക് ശമനമുണ്ടായില്ല. തുടര്‍ന്നാണ് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. 

ഇതോടെ ശ്രേയസിന് പരമ്പരയിലെ ബാക്കിയുള്ള മത്സരങ്ങളും തുടര്‍ന്ന് നടക്കാനിരിക്കുന്ന ഐ.പി.എല്ലും നഷ്ടമായേക്കുമെന്നാണ് സൂചന. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ശ്രേയസ് അയ്യര്‍.

Content Highlights: shoulder injury for Shreyas Iyer doubtful for IPL