പെര്‍ത്ത്: അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇഷാന്ത് ശര്‍മ്മയുടെ നോ ബോളുകള്‍ അമ്പയര്‍മാര്‍ കണ്ടില്ലെന്ന് നടിച്ചതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ഇത്. തോല്‍വി അംഗീകരിക്കണമെന്നും ഇത്തരത്തില്‍ മറുവാദങ്ങള്‍ ഉയര്‍ത്തുകയല്ല വേണ്ടതെന്നും ഇതിന് ഇന്ത്യന്‍ ആരാധകര്‍ മറുപടി നല്‍കുകയും ചെയ്തു. എന്നാലിപ്പോള്‍ പുതിയ തെളിവുമായെത്തിയിരിക്കുകയാണ് മത്സരത്തിന്റെ ഔദ്യോഗിക സംപ്രേക്ഷകരായ ഫോക്‌സ് സ്‌പോര്‍ട്‌സ്.

അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ മാത്രം ഇഷാന്ത് 16 നോ ബോളുകള്‍ എറിഞ്ഞതും ഇതില്‍ അഞ്ചെണ്ണം മാത്രമാണ് അമ്പയര്‍മാര്‍ നോ ബോള്‍ വിളിച്ചതെന്നും ഫോക്‌സ് സ്‌പോര്‍ട്‌സ് വാദിക്കുന്നു. ഒരോവറിലെ ആറു പന്തും ഫ്രണ്ട് ഫൂട്ട് നോ ബോള്‍ ആണെന്നാണ് ഫോക്‌സ് സ്‌പോര്‍ട്‌സിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതില്‍ ഒന്നുപോലും ഓണ്‍ഫീല്‍ഡ് അമ്പയര്‍ നോ ബോള്‍ വിളിച്ചില്ല. രണ്ട് വ്യത്യസ്ത സെഷനുകളില്‍ ഇഷാന്ത് ഇതുപോലെ ബൗള്‍ ചെയ്തു. ഇഷാന്തിന്റെ ബൗളിങ്‌ വീഡിയോ വിശദമായി പരിശോധിച്ച ശേഷമാണ് ഫോക്‌സ് സ്‌പോര്‍ട്‌സ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.  നേരത്തെ ഡെയ്‌ലി ടെലഗ്രാഫും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഓസീസിന്റെ മുന്‍ പേസ് ബൗളര്‍ ഡാമിയന്‍ ഫ്‌ളെമിങ്ങും ഇഷാന്തിനെതിരെ രംഗത്തെത്തി. നോ ബോളുകള്‍ എറിയുന്നത് ഇഷാന്തിന്റെ പതിവാണ്. ഇതൊന്നും ശ്രദ്ധിക്കാതെ അലസമായി നിന്ന ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ ഓസ്‌ട്രേലിയക്ക് ലഭിക്കേണ്ട എത്ര റണ്ണുകളാണ് ഇല്ലാതാക്കിയതെന്നും ഫ്‌ളെമിങ് ചോദിക്കുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ കമന്ററിക്കിടെ മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്ങും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

പെര്‍ത്തിലെ രണ്ടാം ടെസ്റ്റിന് മുമ്പ് നോ ബോളുകള്‍ എറിയുന്ന ശീലം മാറ്റാന്‍ ഇഷാന്ത് നെറ്റ്‌സില്‍ കഠിന പരിശീലനം നടത്തിയിരുന്നു. എന്നിട്ടും ഇഷാന്ത് ഓസീസിന്റെ ഒന്നാമിന്നിങ്‌സില്‍ നോ ബോള്‍ എറിഞ്ഞു. എങ്കിലും നാല് വിക്കറ്റ് വീഴ്ത്തി എന്നത് ആശ്വാസകരമാണ്. 

Content Highlights: Shocking new footage reveals extent of Ishant Sharma's no ball farce