മാഞ്ചെസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ പാക് ടീമിലെ പന്ത്രണ്ടാമനായ മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് സഹതാരത്തിനുള്ള ഷൂവുമായി ഗ്രൗണ്ടിലിറങ്ങിയതിനെ വിമർശിച്ച് പാകിസ്താന്റെ മുൻ താരം ഷുഐബ് അക്തർ. ടെസ്റ്റിന്റെ രണ്ടാം ദിനം പാക് ഇന്നിങ്സിന്റെ 71-ാം ഓവറിലാണ് സംഭവം. ആ സമയത്ത് ക്രീസിലുണ്ടായിരുന്ന മുഹമ്മദ് റിസ്​വാന് വേണ്ടിയാണ് സർഫറാസ് ഷൂവും വെള്ളവുമായി ഗ്രൗണ്ടിലെത്തയത്.

2017 ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെ കിരീടത്തിലേക്ക് നയിച്ച സർഫറാസ് ആയിരുന്നു 2019 ഏകദിന ലോകകപ്പിലും ടീമിനെ നയിച്ചത്. എന്നാൽ മോശം ഫോമിനെ തുടർന്ന് പിന്നീട് ടീമിൽ നിന്ന് പുറത്താകുകയായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ടീമിൽ ഇടം ലഭിച്ചെങ്കിലും പ്ലെയിങ് ഇലവനിൽ സ്ഥാനം നേടാൻ സർഫറാസിന് കഴിഞ്ഞിരുന്നില്ല.

സർഫറാസ് വെള്ളവും ഷൂവുമായി ഗ്രൗണ്ടിൽ നിൽക്കുന്ന ചിത്രം നിമിഷനേരത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി. ആരാധകരും മുൻ പാക് താരങ്ങളും ഇതിനെതിരേ വിമർശനവുമായി രംഗത്തെത്തി. ഇവരോടൊപ്പം അക്തറുമുണ്ടായിരുന്നു. വെള്ളവും ഷൂവുമായി ഗ്രൗണ്ടിൽ ഇറങ്ങേണ്ട വ്യക്തിയല്ല മുൻ ക്യാപ്റ്റനായ സർഫറാസെന്നും പാക് ടീമിനെ വർഷങ്ങളോളം നയിക്കുകയും ചാമ്പ്യൻസ് ട്രോഫി കിരീടം നേടിക്കൊടുക്കുകയും ചെയ്ത ഒരു ക്യാപ്റ്റനോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും അക്തർ ചൂണ്ടിക്കാട്ടി.

അദ്ദേഹം സ്വന്തം താത്‌പര്യപ്രകാരം ചെയ്തതാണെങ്കിൽ പോലും അതിൽ നിന്ന് തടയണമായിരുന്നു. കാരണം മുൻ ക്യാപ്റ്റനായ വസീം അക്രം എനിക്കുള്ള ഷൂ ചുമന്നുകൊണ്ട് ഒരിക്കലും ഗ്രൗണ്ടിലിറങ്ങിയിട്ടില്ല. സർഫറാസ് വിധേയത്വമുള്ള ദുർബലനായ മനുഷ്യനാണെന്നുള്ള ചിത്രമാണ് ഇത് ആരാധകർക്ക് നൽകുന്നത്. ഇതേ രീതിയിലാണ് അദ്ദേഹം പാക് ടീമിനെ നയിച്ചത്. അതുകൊണ്ടാണ് പരിശീലകനായ മിക്കി ആർതർക്ക് സർഫറാസിനുമേൽ ആധിപത്യം പുലർത്തിയത്. അക്തർ കൂട്ടിച്ചേർത്തു.

മുൻതാരം റഷീദ് ലത്തീഫും പാക് ടീമിന്റെ നടപടിയിൽ രോഷം രേഖപ്പെടുത്തി. സീനിയർ താരങ്ങളായ വഹാബ് റിയാസും മുഹമ്മദ് ആമിറും ടീം കിറ്റ് പോലും ധരിക്കാതെ ട്രാക്ക് സ്യൂട്ട് ധരിച്ചാണ് ഡ്രസ്സിങ് റൂമിലിരിക്കുന്നത്. സർഫറാസ് ഷൂവുമായി ഗ്രൗണ്ടിലിറങ്ങിയത് അദ്ദേഹത്തിന്റെ മഹത്വമായി കണക്കാക്കാം. എന്നാലും അത് അനുവദിക്കാൻ പാടില്ലായിരുന്നു. റഷീദ് ലത്തീഫ് വ്യക്തമാക്കി.

അതേസമയം പാകിസ്താന്റെ മുൻ താരം മിസ്ബാഹുൽ ഹഖ് സർഫറാസ് ഷൂ ചുമന്നതിനെ ന്യായീകരിച്ചു. ഇത്തരം ചർച്ചകൾ പാകിസ്താനിൽ മാത്രമേ നടക്കുകയുള്ളൂവെന്നും സഹതാരങ്ങൾക്ക് വെള്ളമോ ഷൂസോ ഗ്രൗണ്ടിൽ കൊണ്ടുപോയി കൊടുക്കുന്നതിൽ തെറ്റ് എന്താണെന്നും മിസ്ബാഹുൽ ഹഖ് ചോദിച്ചു.

Content Highlights: Shoaib Akhtar unhappy with former Pakistan captain Sarfaraz Ahmed carrying drinks shoes