ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പേസ് ബൗളർ ഷുഐബ് അക്തർ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായേക്കുമെന്ന് സൂചന. ഇക്കാര്യം സംബന്ധിച്ച് പി.സി.ബിയുമായി ചർച്ചകൾ നടക്കുന്നതായി അക്തർ തന്നെ വ്യാഴാഴ്ച സ്ഥിരീകരിച്ചു.

മുൻ പാക് ക്യാപ്റ്റനായിരുന്ന മിസ്ബാഹ് ഉൾ ഹഖാണ് നിലവിൽ പാകിസ്താന്റെ മുഖ്യ സെലക്ടറും പരിശീലകനും. മിസ്ബായെ മുഖ്യ സെലക്ടർ പദവിയിൽ നിന്ന് മാറ്റാൻ പി.സി.ബി ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.

''ഞാനത് നിഷേധിക്കുന്നില്ല. അതെ, ബോർഡുമായി ഞാൻ ചില ചർച്ചകൾ നടത്തിയിട്ടുണ്ട്. പാകിസ്താൻ ക്രിക്കറ്റിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ എനിക്ക് താൽപ്പര്യമുണ്ട്. എന്നാൽ ഇതുവരെ ഒന്നും തീരുമാനമായിട്ടില്ല.'' - പി.സി.ബിയുമായി നടക്കുന്ന ചർച്ചകളെ കുറിച്ച് ചോദിച്ചപ്പോൾ അക്തറിന്റെ പ്രതികരണം ഇതായിരുന്നു.

2019 ഇംഗ്ലണ്ട് ലോകകപ്പിലെ പാക് ടീമിന്റെ മോശം പ്രകടനത്തെ തുടർന്നാണ് മിസ്ബായെ മുഖ്യ സെലക്ടറും പരിശീലകനുമായി നിയമിച്ചത്. എന്നാൽ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലടക്കം ടീമിന് മികവ് കാണിക്കാൻ സാധിക്കാതിരുന്നതോടെ അദ്ദേഹത്തിനെതിരേ വിമർശനവും ഉയർന്നിരുന്നു.

Content Highlights: Shoaib Akhtar to replace Misbah ul Haq as pcb chief selector