ലോഡ്‌സ്: പന്തുകൊണ്ട് വീണിട്ടും സ്മിത്തിന്റെ അടുത്തേക്ക് പോകാതിരുന്ന ജോഫ്ര ആര്‍ച്ചറെ വിമര്‍ശിച്ച് പാകിസ്താന്‍ മുന്‍ പേസ്ബൗളര്‍ ഷോയിബ് അക്തര്‍.

''ബൗണ്‍സര്‍ ക്രിക്കറ്റിന്റെ ഭാഗമാണ്. എന്നാല്‍ ഏറുകൊണ്ട് ഒരു ബാറ്റ്സ്മാന്‍ വീണാല്‍ ആ ബൗളര്‍ തീര്‍ച്ചയായും അരികിലെത്തി പരിശോധിക്കണം. ആര്‍ച്ചര്‍ സ്മിത്തിന്റെ അരികിലെത്താത്തത് സുഖകരമായില്ല''- അക്തര്‍ പറഞ്ഞു. 

അതേസമയം സ്മിത്ത് വീണുകിടക്കുമ്പോള്‍ ജോസ് ബട്ലറുമൊത്ത് ചിരിച്ചുനില്‍ക്കുന്ന ആര്‍ച്ചറുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, എന്ത് കാരണത്തലാണ് ആര്‍ച്ചര്‍ ചിരിച്ചതെന്ന് വ്യക്തമല്ല. 

രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സര്‍ കഴുത്തിലിടിച്ച് സ്മിത്തിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് അരങ്ങേറി. ഓള്‍റൗണ്ടര്‍ മാര്‍നസ് ലബൂഷെയ്‌നായിരുന്നു സ്മിത്തിന്റെ പകരക്കാരന്‍. 

എന്നാല്‍ ലബൂഷെയ്നും രക്ഷയില്ലായിരുന്നു. ആര്‍ച്ചറുടെ ബൗണ്‍സറുകള്‍ ലബൂഷെയ്നേയും പരീക്ഷിച്ചു. നേരിട്ട ആദ്യ പന്ത് തന്നെ ലബൂഷെയ്ന്റെ ഹെല്‍മെറ്റിന്റെ ഗ്രില്ലില്‍ ഇടിച്ചു. ഇതോടെ ലബൂഷെയ്ന്‍ ക്രീസില്‍ വീണു. എന്നാല്‍ പെട്ടന്ന് തന്നെ എഴുന്നേറ്റ താരം പരിക്കൊന്നും പറ്റിയില്ലെന്ന് ഉറപ്പുവരുത്തി കളി തുടര്‍ന്നു.

 

Content Highlights: Shoaib Akhtar slams Jofra Archer Ashes Test England vs Australia Steve Smith