ന്യൂഡല്‍ഹി: ഇന്ത്യ - പാകിസ്താന്‍  ലോകകപ്പ് പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ്പ്രേമികള്‍. മുന്‍പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കാണികള്‍ക്ക് പലപ്പോഴും വിരുന്നൊരുക്കിയിരുന്നത് സച്ചിന്‍ തെണ്ടുല്‍ക്കര്‍ - ഷുഐബ് അക്തര്‍ പോരാട്ടമായിരുന്നു.

2003 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലെ സച്ചിന്‍ - അക്തര്‍ പോരാട്ടം പ്രസിദ്ധമാണ്. അക്തറിന്റെ പന്തുകള്‍ മൈതാനത്തിന്റെ നാലുപാടും പറത്തിയ സച്ചിന്‍ അന്നൊരുക്കിയ ബാറ്റിങ് വിരുന്ന് ഇന്ത്യന്‍ ആരാധകര്‍ക്ക് മറക്കാനാകുന്നതെങ്ങിനെ.

ഇപ്പോഴിതാ ഒരിക്കല്‍ തന്റെ പന്ത് തട്ടി സച്ചിന്റെ വാരിയെല്ല് ഒടിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അക്തര്‍. സച്ചിന്‍ തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അക്തര്‍ വ്യക്തമാക്കി. 

''സച്ചിനോട് എനിക്ക് വലിയ ബഹുമാനമുണ്ട്. 2016-ല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് നേരിട്ട് തന്നെ ഇക്കാര്യം ഞാന്‍ പറഞ്ഞിട്ടുമുണ്ട്. അദ്ദേഹം എനിക്ക് ഭക്ഷണം ഉണ്ടാക്കി തന്നിട്ടുണ്ട്. മികച്ച കുക്കാണ് സച്ചിന്‍. ആ സംഭാഷണത്തിനിടെയാണ് ഒരിക്കല്‍ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ നിങ്ങള്‍ എന്റെ ദേഹത്ത് പന്തെറിഞ്ഞിട്ടില്ലേ എന്ന് സച്ചിന്‍ ചോദിക്കുന്നത്. അത് എവിടെയാണെന്ന് ഓര്‍മയുണ്ടോ എന്നും ചോദിച്ചു. നിങ്ങളുടെ  വാരിയെല്ലിനെന്ന് ഞാന്‍ മറുപടിയും കൊടുത്തു. അന്ന് രാത്രി താന്‍ വേദന കൊണ്ട് ആശുപത്രിയില്‍ പോയെന്നും വാരിയെല്ലുകള്‍ക്കൊന്നിന് ചെറിയ ഒടിവ് സംഭവിച്ചതായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞത്. ശ്വസിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.'' - അക്തര്‍ വെളിപ്പെടുത്തി.

അതേസമയം തന്നെ നേരിടാന്‍ സച്ചിന്‍ ഭയപ്പെട്ടിരുന്നുവെന്നും അദ്ദേഹം ഇതിഹാസ താരമല്ലെന്നും താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ പറഞ്ഞുവെന്ന തരത്തില്‍ പ്രചരിച്ച അത്തരം കാര്യങ്ങളെല്ലാം മാധ്യമ സൃഷ്ടികളാണെന്നും അക്തര്‍ വ്യക്തമാക്കി.

Content Highlights: shoaib akhtar reveals that he fractured sachin tendulkar rib cage