Photo: Getty Images
ലാഹോര്‍: ക്രിക്കറ്റില്‍ സച്ചിന് തെണ്ടുല്‍ക്കര്‍-ഷൊഹൈബ് അക്തര്‍ പോരാട്ടം ഏറെ പ്രസിദ്ധമാണ്. പാക് പേസറായ അക്തറിന്റെ തീതുപ്പുന്ന പന്തുകള്‍ അനായാസം നേരിടുന്ന സച്ചിന്റെ ഇന്നിങ്സുകള്‍ ക്രിക്കറ്റ് ആരാധകരെ ഹരം കൊള്ളിച്ചിട്ടുണ്ട്. അക്തറും സച്ചിനും നേര്‍ക്കുനേര്‍ വരുന്നതുതന്നെ ക്രിക്കറ്റ് ലോകത്തെ ആവേശക്കൊടുമുടിയിലെത്തിക്കുമായിരുന്നു. അക്തറിനെതിരെ മിക്കപ്പോഴും സച്ചിന് തന്നെയാണ് ആധിപത്യം പുലര്‍ത്താറ്.
എന്നാല്‍ സച്ചിനെ കുടുക്കാനായി മാരക ബൗണ്‍സറുകള്‍ ചെയ്ത് അക്തറും താരമായിട്ടുണ്ട്. സച്ചിനെ തടയുക എന്ന ലക്ഷ്യമാണ് മിക്കപ്പോഴും അക്തറിനുള്ളത്. അതിനായി പല അടവുകളും അക്തര്‍ പ്രയോഗിച്ചിട്ടുണ്ട്. അത്തരത്തിലൊരു മത്സരത്തെക്കുറിച്ച് അക്തര്‍ ഈയിടെ സംസാരിക്കുകയുണ്ടായി. 2006-ലെ ഇന്ത്യ-പാകിസ്താന് സീരിസില്‍ സച്ചിനെ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അക്തര്‍ വെളിപ്പെടുത്തി
2006 -ലെ കറാച്ചി ടെസ്റ്റിനിടെയാണ് അക്തര്‍ സച്ചിനെ പരിക്കേല്‍പ്പിക്കാനായി പന്തെറിഞ്ഞത്. ' ആദ്യം തന്നെ ഞാനൊരു കാര്യം തുറന്നുപറയട്ടെ. കറാച്ചി ടെസ്റ്റില്‍ സച്ചിനെ പരിക്കേല്‍പ്പിക്കണമെന്ന് കരുതിത്തന്നെയാണ് ഞാന്‍ പന്തെറിഞ്ഞത്. ഇന്‍സമാം എന്നോട് വിക്കറ്റിലേക്കെറിയാനാണ് പറഞ്ഞത്. പക്ഷേ ഞാനത് കേട്ടില്ല. എനിക്ക് സച്ചിനെ ഏതുവിധേനയും പരിക്കേല്പ്പിക്കണമായിരുന്നു'- സ്പോര്‍ട്സ് ക്രീഡയ്ക്ക് നല്കിയ അഭിമുഖത്തില്‍ അക്തര്‍ തുറന്നടിച്ചു.
അന്ന് സച്ചിന്റെ ഹെല്‍മറ്റിന് കണക്കായി ബൗണ്‍സര്‍ എറിഞ്ഞുവെന്നും ഒരു തരത്തിലാണ് ഇന്ത്യന്‍ താരം രക്ഷപ്പെട്ടതെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
ആ മത്സരത്തില്‍ മുഹമ്മദ് ആസിഫിന്റെ സ്വിങ്ങിങ് പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടു. ഇര്ഫാന് പഠാന് ഇന്ത്യയ്ക്ക് വേണ്ടി ഹാട്രിക്ക് നേടിയ ടെസ്റ്റ് മത്സരം കൂടിയാണത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..