കറാച്ചി: മുഹമ്മദ് കൈഫിന്റെ മകൻ കബീറിനെ സ്വന്തം മകൻ മൈക്കലുമായി ക്രിക്കറ്റ് കളിക്കാൻ ക്ഷണിച്ച് പാകിസ്താന്റെ മുൻ പേസ് ബൗളർ ഷുഐബ് അക്തർ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള 2003-ലെ ലോകകപ്പ് മത്സരം കണ്ട് കബീർ 'അക്തറിന്റെ പന്തുകൾ അടിക്കാൻ എളുപ്പമല്ലേ' എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ വീഡിയോ കൈഫ് ട്വീറ്റ് ചെയ്‌യുകയും ചെയ്തു.

ഇതിന് മറുപടിയുമായാണ് അക്തർ രംഗത്തുവന്നത്. 'മൈക്കലുമായി കളിക്കാൻ ഞാൻ കബീറിനെ ക്ഷണിക്കുകയാണ്. പേസ് ബൗളിങ്ങിനെ കുറിച്ചുള്ള അവന്റെ സംശയം അതോടെ അവസാനിക്കും. ഹഹ. അവനെ എന്റെ സ്നേഹം അറിയിക്കുക.' അക്തർ ട്വീറ്റ് ചെയ്തു.

കോവിഡ്-19 വ്യാപനത്തെതുടർന്ന് കളിക്കളങ്ങളെല്ലാം നിശ്ചലമാണ്. ഇതോടെ പഴയ ക്ലാസിക് മത്സരങ്ങൾ പുനഃസംപ്രേഷണം ചെയ്‌യുകയാണ് സ്പോർട്സ് ചാനലുകൾ. ഇതുപോലെ 2003-ലെ ഇന്ത്യ-പാകിസ്താൻ ലോകകപ്പ് മത്സരവും സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയ്തു. ഇതോടെ കബീറിന് ചരിത്രത്തിന്റെ ഭാഗമായ ഇന്ത്യ-പാകിസ്താൻ മത്സരം കാണാൻ അവസരവും ലഭിച്ചു.

content highlights: Shoaib Akhtar proposes duel between his son and Mohammad Kaifs son