കറാച്ചി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ പേരിലുള്ള റെക്കോഡുകൾ എണ്ണിയാൽ ഒരുപാടുണ്ടാകും. ചില റെക്കോഡുകൾ തകർക്കാൻ പ്രയാസമുള്ളതാണ്, മറ്റു ചിലതാകട്ടെ ഒരിക്കലും തകർക്കാൻ കഴിയാത്തതും. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്നതാണ് സച്ചിന്റെ റെക്കോഡിൽ ഏറ്റവും 'സ്പെഷ്യൽ'. 34357 റൺസാണ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ അക്കൗണ്ടിലുള്ളത്.

എന്നാൽ നിലവിലെ ഇന്ത്യൻ ടീമിൽ കളിക്കുകയാണെങ്കിൽ സച്ചിന് 1.3 ലക്ഷം റൺസെങ്കിലും നേടുമെന്നാണ് പാക് ക്രിക്കറ്റ് താരമായിരുന്ന ഷുഐബ് അക്തറിന്റെ കണ്ടെത്തൽ. വിരാട് കോലിയേയും സച്ചിനേയും താരതമ്യം ചെയ്യുന്നതിൽ യാതൊരു അർഥമില്ലെന്നും വളരെ പ്രയാസമുള്ള സമയത്താണ് സച്ചിൻ കളിച്ചിരുന്നതെന്നും അക്തർ പറയുന്നു.

'സച്ചിൻ കളിച്ച കാലം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. ഇപ്പോൾ അവസരം ലഭിക്കുകയാണെങ്കിൽ അദ്ദേഹം 1.30 ലക്ഷത്തിലധികം റൺസ് നേടും. അതുകൊണ്ടുതന്നെ കോലിയേയും സച്ചിനേയും താരതമ്യം ചെയ്യുന്നത് ശരിയല്ല'. അക്തർ വ്യക്തമാക്കുന്നു.

ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും അമ്പതിലധികം ശരാശരിയുള്ള കോലിയുടെ അക്കൗണ്ടിൽ ഇതുവരെ 21901 റൺസാണുള്ളത്. സച്ചിന്റെ പല റെക്കോഡുകളും കോലി തകർക്കുകയും ചെയ്തിരുന്നു.

Content Highlights: Shoaib Akhtar on Sachin Tendulkar Cricket