ഇസ്ലാമാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്താന്റെ തോൽവിയെ വിമർശിച്ച് മുൻതാരം ഷുഐബ് അക്തർ. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ആധിപത്യം പുലർത്തിയിട്ടും പാകിസ്താൻ തോൽവി വഴങ്ങിയതാണ് അക്തറിനെ ചൊടിപ്പിച്ചത്. വിഭജനകാലം മുതലുള്ള പിഴവുകൾ ഇന്നും ആവർത്തിച്ചാണ് പാക് ടീം തോൽവി ചോദിച്ചുവാങ്ങിയതെന്ന് അക്തർ പറയുന്നു. ബാറ്റ്സ്മാൻമാർ നിരുത്തരവാദിത്തപരമായാണ് കളിച്ചതെന്നും ഷോട്ടുകൾ തിരഞ്ഞെടുക്കുന്നതിൽ പാളിച്ച സംഭവിച്ചെന്നും മുൻ പാക് താരം ചൂണ്ടിക്കാട്ടുന്നു.

'രണ്ടാമിന്നിങ്സിൽ പാകിസ്താൻ നന്നായി ബാറ്റു ചെയ്തിരുന്നെങ്കിൽ ഇംഗ്ലണ്ടിന് മുന്നിൽ വലിയ വിജയലക്ഷ്യമുണ്ടാകുമായിരുന്നു. പക്ഷേ വിഭജനകാലം മുതലുള്ള പിഴവുകൾ പാക് ടീം ആവർത്തിച്ചു. ബാറ്റ്സ്മാൻമാരാണ് ടീമിന്റെ ആത്മവിശ്വാസം ഇല്ലാതാക്കിയത്. 100 റൺസിന് മുകളിലുള്ള ഒന്നാമിന്നിങ്സ് ലീഡ് മുതലെടുക്കാൻ ബാറ്റ്സ്മാൻമാർക്ക് കഴിഞ്ഞില്ല. മികച്ച കൂട്ടുകെട്ടുകളുടെ അഭാവവും തിരിച്ചടിയായി.' അക്തർ ചൂണ്ടിക്കാട്ടി.

ഷാൻ മസൂദിനെ രണ്ടാമിന്നിങ്സിൽ നിർഭാഗ്യം പിടികൂടിയെന്ന് പറയാം. എന്നാലും ആദ്യ ഇന്നിങ്സിൽ അദ്ദേഹം സെഞ്ചുറിയുമായി തന്റെ റോൾ ഭംഗിയാക്കി. ആസാദ് ഷഫീഖ് റൺഔട്ടായത് അദ്ദേഹത്തിന്റെ മാത്രം പിഴവാണ്. ബാബർ അസമിനെപ്പോലെ ഒരു താരത്തിൽ നിന്ന് ഈ പ്രകടനം പോരെന്നാണ് എന്റെ അഭിപ്രായം. മത്സരങ്ങൾ ജയിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് ബാബർ അസം തെളിയിക്കേണ്ടിയിരിക്കുന്നു.

ഒന്നാം ഇന്നിങ്സിലെ ലീഡില്ലെങ്കിൽ ഇതിലും പരിതാപകരമായിരിക്കും അവസ്ഥ. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ വ്യക്തമായ ആസൂത്രണം വേണം. ബൗളർമാർ കുറച്ചുകൂടി ആക്രമണോത്സുകത കാണിക്കണമായിരുന്നു. ക്രിസ് വോക്സ് ബാറ്റു ചെയ്യാനെത്തിയപ്പോൾ ഷോർട്ട് പിച്ച് പന്തുകളിലൂടെ എന്തുകൊണ്ട് അദ്ദേഹത്തിന്റെ ശിരസ് ഉന്നമിടാതിരുന്നത്? ബാറ്റ്സ്മാനെ ശല്ല്യപ്പെടുത്തിക്കൊണ്ടിരുന്നാൽ മാത്രമെ പുറത്താക്കാൻ അവസരം ലഭിക്കൂ. അക്തർ കൂട്ടിച്ചേർത്തു.

Content Highlights: Shoaib Akhtar, Pakistan's Manchester defeat