ന്യൂഡൽഹി: കോവിഡ്-19നെ പ്രതിരോധിക്കാൻ പാകിസ്താന് ഇന്ത്യയുടെ സഹായം വേണമെന്ന് പാകിസ്താന്റെ മുൻതാരം ഷുഐബ് അക്തർ. 10,000 വെന്റിലേറ്റർ സംഭാവന ചെയ്താൽ പാകിസ്താൻ എന്നും ഈ സഹായം ഓർക്കുമെന്നും അക്തർ പറഞ്ഞു. ഇതിന് പകരം പാകിസ്താൻ ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കാൻ തയ്യാറാണെന്നും തീരുമാനമെടുക്കേണ്ടത് ഇരുഗവൺമെന്റുകളാണെന്നും അക്തർ വ്യക്തമാക്കി.

ഇന്ത്യയും പാകിസ്താനും തമ്മിൽ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര കളിക്കണം. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായ് ഉൾപ്പെടെയുള്ള നിഷ്പക്ഷ വേദികളിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്താമെന്നും അക്തർ വ്യക്തമാക്കുന്നു.

എന്നാൽ അക്തറിന്റെ ഈ ആശയത്തിനെതിരേ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ കപിൽ ദേവ് രംഗത്തെത്തി. ക്രിക്കറ്റ് മത്സരത്തിലൂടെയുള്ള പണം ഇന്ത്യക്ക് ആവശ്യമില്ലെന്നും ഈ സാഹചര്യത്തിൽ മനുഷ്യജീവനുകൾ അപകടത്തിലാക്കി ക്രിക്കറ്റ് മത്സരം കളിക്കുന്നത് ബുദ്ധിയല്ലെന്നും കപിൽ ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിന് ബി.സി.സി.ഐ 51 കോടി രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഇനിയും കൂടുതൽ നൽകാൻ ബി.സി.സി.ഐയ്‍ക്ക് കഴിയും. അതുകൊണ്ട് ക്രിക്കറ്റ് മത്സരം നടത്തി ഫണ്ട് കണ്ടെത്തേണ്ട ആവശ്യം ഇന്ത്യയ്‍ക്കില്ല-കപിൽ ചൂണ്ടിക്കാട്ടുന്നു.