ന്യൂഡൽഹി: ഐ.സി.സിക്കെതിരേ രൂക്ഷ വിമർശനവുമായി പാകിസ്താന്റെ മുൻ പേസ് ബൗളർ ഷുഐബ് അക്തർ. കഴിഞ്ഞ പത്ത് വർഷംകൊണ്ട് ഐ.സി.സി ക്രിക്കറ്റിനെ ഇല്ലാതാക്കിയെന്നും ക്രിക്കറ്റ് ബാറ്റ്സ്മാൻമാരുടെ മാത്രം മത്സരമായി മാറിയെന്നും ഷുഐബ് അക്തർ പറയുന്നു. ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോയിൽ സഞ്ജയ് മഞ്ജരേക്കറുമായുള്ള അഭിമുഖത്തിനിടയിലാണ് അക്തറിന്റെ വിമർശനം.

'ഒട്ടും മയമില്ലാതെ ഞാൻ നിങ്ങളോട് ഒരു കാര്യം പറയുകയാണ്. കഴിഞ്ഞ പത്ത് വർഷംകൊണ്ട് ഐ.സി.സി ക്രിക്കറ്റിനെ ഇല്ലാതാക്കിക്കഴിഞ്ഞു. അവർ നന്നായി ചെയ്തു എന്നു തന്നെയാണ് എന്റെ അഭിപ്രായം. പക്ഷേ അത് അവർ എന്താണോ ഉദ്ദേശിച്ചത് അത് നന്നായി ചെയ്തു എന്നാണ്.' അക്തർ വ്യക്തമാക്കുന്നു.

'ഒരു ഓവറിൽ ഒരു ബൗൺസർ എന്ന നിയമം മാറ്റണം. രണ്ട് ന്യൂബോളും ഔട്ട്സൈഡിൽ നാല് ഫീൽഡർമാരുമായാണ് നമ്മൾ കളിക്കുന്നത്. നിങ്ങൾ ഐ.സി.സിയോട് ചോദിക്കൂ, ക്രിക്കറ്റിന് വളർച്ചയാണോ അതോ തളർച്ചയാണോ ഉണ്ടായതെന്ന്'. അക്തർ കൂട്ടിച്ചേർത്തു.

പേസ് ബൗളർമാർ പുള്ളിപ്പുലികളെപ്പോല ഇരകളെ വേട്ടയാടി വീഴ്ത്തണമെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽ താനുണ്ടായിരുന്നെങ്കിൽ 12 പേസ് ബൗളർമാരെയെങ്കിലും രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടാകുമെന്നും അക്തർ പറയുന്നു.

content highlights: Shoaib Akhtar ICC Cricket