കറാച്ചി: ഇന്ത്യൻ താരം വീരേന്ദർ സെവാഗിനേക്കാൾ പ്രതിഭയുണ്ടായിട്ടും ക്രിക്കറ്റിൽ ഒന്നുമാകാതെ പോയ ഒരു പാകിസ്താൻ താരമുണ്ടെന്ന് ഷുഐബ് അക്തർ. പാക് ഓപ്പണറായ ഇമ്രാൻ നസീർ ആണ് ആ താരമെന്നും അക്തർ പറയുന്നു.

സെവാഗിനുണ്ടായിരുന്ന ബുദ്ധി ഇമ്രാൻ നസീറിനുണ്ടായിരുന്നില്ലെന്നും എന്നാൽ സെവാഗിനേക്കാൾ പ്രതിഭയുള്ള താരമായിരുന്നു ഇമ്രാനെന്നും അക്തർ പറയുന്നു. 'രാജ്യാന്തര ക്രിക്കറ്റിൽ മികച്ച തുടക്കം കുറിക്കാൻ ഇമ്രാൻ നസീറിന് കഴിഞ്ഞിരുന്നു. പക്ഷേ ക്രിക്കറ്റിൽ തുടരാനുള്ള മനോഭാവമോ ബുദ്ധിയോ പാക് ഓപ്പണർക്ക് ഇല്ലാതെ പോയി. ഇമ്രാൻ നസീറിനെ മികച്ച താരമായി വളർത്തിയെടുക്കാൻ കഴിയാത്തത് പാക് ബോർഡിന്റെ പരാജയമാണ്. അങ്ങനെ ചെയ്തിരുന്നെങ്കിൽ സെവാഗിനേക്കാൾ മികച്ച താരമായി അവൻ വളരുമായിരുന്നു.' ഒരു ടെലിവിഷൻ ഷോയിൽ സംസാരിക്കുന്നതിനിടയിൽ അക്തർ വ്യക്തമാക്കി.

ഇന്ത്യക്കെതിരേ ഒരു മത്സരത്തിൽ ഇമ്രാൻ നസീർ കുറഞ്ഞ പന്തിൽ സെഞ്ചുറി പൂർത്തിയാക്കിയപ്പോൾ അദ്ദേഹത്തിന് തുടർച്ചയായി ടീമിൽ അവസരം നൽകണമെന്ന് ഞാൻ പറഞ്ഞതാണ്. പക്ഷേ പാക് ബോർഡ് അതു കേട്ടില്ല. പ്രതിഭകളെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തത് പാക് ക്രിക്കറ്റ് ബോർഡിന്റെ ശാപമാണ്. വളർത്തിയെടുത്തിരുന്നെങ്കിൽ ഇമ്രാനെ സെവാഗിനേക്കാൾ മികച്ച താരമാക്കാമായിരുന്നു. അക്തർ കൂട്ടിച്ചേർത്തു.

പാകിസ്താനായി എട്ടു ടെസ്റ്റിലും 79 ഏകദിനത്തിലും 25 ട്വന്റി-20യിലുമാണ് ഇമ്രാൻ നസീർ കളിച്ചത്. ടെസ്റ്റിൽ 427-ഉം ഏകദിനത്തിൽ 1895-ഉം ട്വന്റി-20യിൽ 500 റൺസും നേടി.

content highlights: Shoaib Akhtar Cricket